ഗാന്ധി എന്നപേരുപോലും വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ്: എം സ്വരാജ്

single-img
15 February 2023

ഗാന്ധി എന്നപേരുപോലും ഇന്ന് വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ് എന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗം എം സ്വരാജ്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാർഥം ഗാന്ധിവധം പശ്ചാത്തലമാക്കിയുള്ള “കൊന്നതാണ്’ എന്ന പേരിൽ ഒരുക്കിയ ശിൽപ്പം അനാഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർക്കറുടെ വർഗീയ രാഷ്‌ട്രീയത്തിന്റെ ചരിത്രം മൂടിവച്ച് ആർഎസ്എസ്സിന് താൽപര്യമുള്ള കഥകൾ രചിക്കുകയാണ് കേന്ദ്രം ഭരിക്കുന്നവർ ചെയ്യുന്നത്. ഗാന്ധിജിയുടെ അനുസ്‌മരണത്തിൽപോലും ഗാന്ധിജിയെ കൊലപ്പെടുത്തി എന്നു പറയാതെ ഒരുചടങ്ങുപോലെ നിർവഹിക്കാനാണ് പ്രമുഖ മാധ്യമങ്ങളും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. വർത്തമാനകാല ഇന്ത്യയിൽ ചരിത്രമുഹൂർത്തം ഓർമിപ്പിക്കുക എന്നതും സമരമാർഗമാണ്.

ഇന്ത്യയുടെ ജീവനെടുക്കാൻ ഒരുങ്ങുന്ന കേന്ദ്രസർക്കാരിന്റെ വർഗീയ നിലപാടുകൾക്കെതിരെ പോരാട്ടം ശക്തമാക്കണം. സവർക്കരെയും ഗോൾവാക്കറെയും ഗോഡ്സെയെയും ചരിത്ര പുരുഷന്മാരാക്കാനുള്ള ഫാസിസ്‌റ്റ് പ്രചാരണങ്ങൾക്കെതിരെ ചരിത്രത്തിന്റെ ഓർമപ്പെടുത്തലാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വം.മഹാത്മജിയുടെ രക്തസാക്ഷിത്വം ഓർമപ്പെടുത്തുന്ന ശിൽപ്പമാണ് പയ്യന്നൂരിൽ ജാഥയുടെ പ്രചാരണാർഥം ഒരുക്കിയിരിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു.