ഗാന്ധിമാർ അമേഠിയിലെ ജനങ്ങളെ ‘ച്യൂയിംഗ് ഗം’ പോലെയാണ് ഉപയോഗിച്ചത്: മുഖ്‌താർ അബ്ബാസ് നഖ്‌വി
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കുമെന്ന യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയുടെ അവകാശവാദം വലിയ പ്രതികരണങ്ങൾക്കാണ് വഴിയൊരുക്കിയത്. കോൺഗ്രസ് പാർട്ടി അമേഠിയിലെ ജനങ്ങളെ ഉപയോഗിക്കുകയായിരുന്നുവേന്നും മണ്ഡലത്തെ അവരുടെ സ്വകാര്യ സ്വത്തായി കണക്കാക്കിയെന്നുമാണ് ബിജെപി പ്രതികരികരിച്ചത്.
ഗാന്ധിമാർ അമേഠിയിലെ ജനങ്ങളെ ‘ച്യൂയിംഗ് ഗം’ പോലെയാണ് ഉപയോഗിച്ചത് എന്ന് മുൻ കേന്ദ്രമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ മുഖ്‌താർ അബ്ബാസ് നഖ്‌വി പറഞ്ഞു. “കോൺഗ്രസ് അമേഠിയെ അവരുടെ കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കി. മണ്ഡലത്തിലെ ജനങ്ങളെ ച്യൂയിംഗ് ഗം പോലെ കണക്കാക്കുകയായിരുന്നു. ഇനി ആളുകൾ അവരോട് ക്ഷമിക്കില്ല” നഖ്‌വി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
2004 മുതൽ മേഠിയിലെ എംപിയായിരുന്ന രാഹുൽ ഗാന്ധിയെ 2019 പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്‌മൃതി ഇറാനി പരാജയപ്പെടുത്തുന്നത് വരെ ഗാന്ധി കുടുംബത്തിന്റെ സ്വന്തം കോട്ടയായിരുന്നു അമേഠി.