ഗാന്ധിജി രക്തസാക്ഷിയായത് പാലത്തിൽ നിന്ന് വീണ് മരിച്ചിട്ടാണോ; ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ ഇ പി ജയരാജൻ
ഗാന്ധിജി രക്തസാക്ഷിയായത് പാലത്തിൽ നിന്ന് വീണ് മരിച്ചിട്ടാണോ എന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. രക്തസാക്ഷികൾക്കെതിരായ തലശ്ശേരി ബിഷപ്പ് ആർച്ച് ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെയാണ് അദ്ദേഹത്തിന്റെ ചോദ്യം.
അനാവശ്യമായി കലഹിച്ച് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു പാംപ്ലാനിയുടെ വിവാദ പ്രസ്താവന. ഗാന്ധിജി രക്തസാക്ഷിയായത് പൊലീസുകാരെ കണ്ട് ഓടി ഏതെങ്കിലും പാലത്തിൽനിന്ന് വീണ് മരിച്ചിട്ടാണോ എന്ന് ജയരാജൻ ചോദിച്ചു. അനാവശ്യആയ കാര്യങ്ങൾക്ക് ഏറ്റുമുട്ടിയിട്ടാണോ ഗാന്ധിജി മരിച്ചത്? രക്തസാക്ഷികളെ ആദരവോടെ സ്മരിക്കുന്നതാണ് നമ്മുടെ സംസ്കാരം.
ഗാന്ധിയനായ കമ്യൂണിസ്റ്റ് മൊയ്യാരത്ത് ശങ്കരനും സഖാവ് അഴീക്കോടൻ രാഘവനും അടക്കം എത്രപേർ ഇവിടെ രക്തസാക്ഷികളായി. കുഞ്ഞാലിയെ വെടിവെച്ചല്ലേ കൊന്നത്. എങ്ങനെയാണ് രക്തസാക്ഷികളെ അപമാനിക്കാൻ തോന്നുന്നതെന്നും ഇ പി ജയരാജൻ ചോദിച്ചു.
സുഡാനിൽ വെടിയേറ്റു മരിച്ച മലയാളിയായ ആൽബർട്ടിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സംസ്‌കരിച്ചത്. മണിപ്പൂരിൽ നടന്ന കലാപത്തിൽ നിരവധിപേരാണ് കൊല്ലപ്പെട്ടത്. പാംപ്ലാനിയുടെ പ്രസ്താവന ക്രിസ്തീയ മതവിഭാഗത്തിനും എതിരായിട്ടുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.