ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി വേണം; ആവശ്യവുമായി കേരള കോൺഗ്രസ് ബി

single-img
27 December 2023

നിയുക്ത മന്ത്രിയായ ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് ബി. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോൾ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വകുപ്പുകൾ സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക എന്നാണ് സൂചനകൾ. രണ്ടാം ഇടതുമുന്നണി സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ ഉറപ്പിച്ചതാണ് രണ്ടര വർഷത്തിനു ശേഷമുള്ള പുനസംഘടന. കാര്യങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമ്പോൾ എൽഡിഎഫിന്റെ കെട്ടുറപ്പിന് തെല്ലും കോട്ടമില്ല. . ആന്റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് ലഭിക്കും. അഹമ്മദ് ദേവർക്കോവിൽ ഒഴിയുന്ന തുറമുഖ വകുപ്പാകും കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുക.

ഇരുവരും ഇതേ വകുപ്പുകൾ നേരത്തെ വഹിച്ചു പരിചയമുള്ളവരാണ്. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കപെട്ടില്ല. അതിന്റെ പേരിൽ എൽഡിഎഫിൽ വിവാദങ്ങളും ഇല്ല. മന്ത്രിസ്ഥാനം വേണമെന്ന കോവൂർ കുഞ്ഞുമോന്റെ ആവശ്യം പരിഗണിച്ചില്ല. പകരം, ഉചിതമായ പരിഗണനകൾ നൽകാമെന്ന ഉറപ്പു നൽകിയിട്ടുണ്ട്.