ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഈ മാസം
കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതുതായി സംസ്ഥാന മന്ത്രിസഭയിലേക്ക്. സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും തീരുമാനിക്കാന്‍ ഡിസംബര്‍ 24 നു ഇടതുമുന്നണിയോഗം ചേരും. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും കിട്ടാനാണ് സാധ്യത. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസില്‍ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കും.
ഈ മാസം 29ന് സത്യപ്രതിജ്ഞ എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ തീയതിയില്‍ അന്തിമതീരുമാനം എടുക്കും മുമ്പ് ഗവര്‍ണറുടെ സമയം കൂടി തേടും. ഇടതുമുന്നണി തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗതമന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിക്കും.
സാധാരണ ഇതേ വകുപ്പുകള്‍ തന്നെയാണ് പകരം വരുന്നവര്‍ക്ക് ലഭിക്കേണ്ടത്. ഗണേഷ് കുമാര്‍ മുമ്പ് ഗതാഗതവകുപ്പും കടന്നപ്പള്ളി തുറമുഖവകുപ്പും ഭരിച്ചിട്ടുമുണ്ട്.