നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ക്കും വെല്ലുവിളിയാകുന്ന ഗംഗാവലി

single-img
26 July 2024

കര്‍ണാടകയിലെ ഷിരൂരിൽ ദേശീയ പാതയിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുന്നു. പ്രതികൂലമായ കാലാവസ്ഥ രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അതേസമയം, അര്‍ജുന്റെ ട്രക്കിലുണ്ടായിരുന്ന തടികള്‍ 12 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തിയിരുന്നു . ഗംഗാവലി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവര്‍ വിറകിനായി ശേഖരിച്ച വെള്ളത്തിലൂടെ ഒഴുകിയെത്തിയ തടിക്കഷ്ണങ്ങള്‍ക്കിടയിലാണ് അര്‍ജുന്റെ വാഹനത്തിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും കണ്ടെത്തിയത്. പ്രദേശത്ത് ശക്തമായി തുടരുന്ന ശക്തമായ മഴയാണ് രക്ഷാദൗത്യത്തിന് തിരിച്ചടിയാകുന്നത്.

രൂക്ഷമായ മഴയെ തുടര്‍ന്ന് ഗംഗാവലി പുഴയിലെ ഒഴുക്ക് ശക്തമായിട്ടുണ്ട്. അതേസമയം ,അര്‍ജുന്റെ ലോറി വെള്ളത്തിനടിയിലുള്ളതായി നാവിക സേന ഉള്‍പ്പെടെ സ്ഥിരീകരിച്ചു. പക്ഷെ അര്‍ജുന്റെ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ എത്തിയെങ്കിലും ഡങ്കി ബോട്ടുകള്‍ക്ക് നിലയുറപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാകുന്നുണ്ട്. ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ലോറി കണ്ടെത്തിയ ഭാഗത്ത് വെള്ളത്തിനടിയില്‍ പരിശോധന നടത്താന്‍ സാധിക്കുന്നില്ല.

പുഴയിൽ ഉള്ളത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ഐബോഡ് പരിശോധനയിലും തെളിയിച്ചു. എന്നാൽ ട്രക്കില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. തെരച്ചിലിന്റെ ആദ്യഘട്ടത്തില്‍ അര്‍ജുനെ കണ്ടെത്തി പുറത്തെത്തിക്കാനുള്ള സാധ്യതകളാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിക്കുക. പിന്നാലെ മാത്രം ലോറി പുറത്തെത്തിക്കാനുള്ള നടപടികള്‍ ആലോചിക്കും. ട്രക്കില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ രക്ഷാദൗത്യം ഇനിയും നീളാനാണ് സാധ്യത.