ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ‘ഷെവലിയാര്‍’ പട്ടം ഗൗരി പാര്‍വതിബായിക്ക്


പഴയ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ പൂയംതിരുനാള്‍ ഗൗരി പാര്‍വതിബായിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാര്‍ പട്ടം ലഭിച്ചതായി റിപ്പോർട്ട്. ഫ്രഞ്ച് അധ്യാപിക, തിരുവനന്തപുരത്ത അലൈന്‍സ് ഫ്രാഞ്ചൈസുമായുള്ള ബന്ധം, സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.
ഫ്രാൻസിന്റെ പ്രസിഡന്റാണ് ഷെവലിയാര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. 1802ല്‍ ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ആണ് പുരസ്കാരം ആദ്യമായി സ്ഥാപിച്ചത്. ഫ്രാൻസിന് അസാധാരണമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക്, ഏത് രാജ്യക്കാരെന്ന ഭേദമില്ലാതെ നല്‍കുന്ന പുരസ്‌കാരമാണിത്.
അതേസമയം ഒരാഴ്ചയ്‌ക്കിടെ രണ്ടു ബഹുമതികളാണ് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ തേടിയെത്തിയത്. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിക്ക് കഴിഞ്ഞയാഴ്ച പദ്മശ്രീ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരിയായ പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായിക്ക് ഷെവലിയാര്‍ പട്ടം ലഭിച്ചിരിക്കുന്നത്.