വയനാടിന് സഹായം പ്രഖ്യാപിച്ച് ഗൗതം അദാനിയും എംഎ യൂസഫ് അലിയും

single-img
31 July 2024

വയനാട് ജില്ലയിലെ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ മറികടക്കാനുള്ള കേരളാ സര്‍ക്കാരിൻ്റെ ശ്രമങ്ങൾക്ക് കരുത്തുമായി വ്യവസായ പ്രമുഖര്‍ രംഗത്തെത്തി . ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു . ഇതോടൊപ്പമ വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഇതിനുപുറമെ കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി.

കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു ഓഫീസില്‍ എത്തി കൈമാറി. തമിഴ് ചലച്ചിത്ര നടന്‍ വിക്രം 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചിട്ടുണ്ട്.