ഐപിഎല്‍: റെക്കോര്‍ഡ് തുകയ്ക്ക് ഗുജറാത്ത് ടൈറ്റൻസിനെ ഏറ്റെടുക്കാന്‍ ഗൗതം ആദാനി
പ്രമുഖ ഐപിഎല്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ ഏറ്റെടുക്കൻ ഒരുങ്ങി ഗൗതം അദാനി. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നിലവിലെ ഉടമകളായ സിവിസി ഗ്രൂപ്പുമായി ഏറ്റെടുക്കല്‍ സംബന്ധിച്ച ചർച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
8300 കോടി രൂപയുടെ കരാർ ഒപ്പിടാനാണ് നീക്കം. ഗുജറാത്ത് ടൈറ്റന്‍സിലെ കൂടുതൽ ഓഹരികളും സിവിസി ഗ്രൂപ്പ് കൈമാറും. നാമമാത്രമായ ഓഹരികള്‍ മാത്രമായിരിക്കും സിവിസി ഗ്രൂപ്പ് കൈവശം വെക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് വര്‍ഷം മുമ്പാണ് സിവിസി ഗ്രൂപ്പ് ഗുജറാത്ത് ടൈറ്റന്‍സിനെ സ്വന്തമാക്കിയത്.
2025 ഫെബ്രുവരിയില്‍ ബിസിസിഐയുടെ ലോക്കിംഗ് പിരീയഡ് കഴിഞ്ഞതിനുശേഷമായിരിക്കും ടീമിന്‍റെ വില്‍പന നടക്കുക എന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ 5625 കോടി രൂപ മുടക്കിയാണ് സിവിസി ഗ്രൂപ്പ് ഗുജറാത്ത് ടീമിനെ സ്വന്തമാക്കിയത്. ഗുജറാത്ത് ടീമിനായുള്ള ബിഡ്ഡിംഗില്‍ അദാനിയും പങ്കെടുത്തിരുന്നെങ്കിലും ടീമിനെ സ്വന്തമാക്കാനായിരുന്നില്ല.
ഇപ്പോൾ പതിനായിരം കോടി മുതല്‍ 15000 കോടി വരെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മൂല്യമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗൗതം അദാനിക്ക് പുറമെ ടോറന്‍റ് ഗ്രൂപ്പും ഗുജറാത്ത് ടൈറ്റന്‍സില്‍ നിക്ഷേപം നടത്താന്‍ രംഗത്തുണ്ട്. വനിതാ പ്രീമിയര്‍ ലീഗിലും യുഎഇ ഇന്‍റര്‍ നാഷണല്‍ ലീഗിലും ഗൗതം അദാനിക്ക് ടീമുകളുണ്ട്.