പ്രൊഫഷണലുകൾ ഇത് ചെയ്യാൻ പാടില്ല; ഇന്ത്യൻ ബൗളിംഗ് നിരയെ വിമർശിച്ച് ഗവാസ്‌കർ
ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20 ഏഴ് നോ ബോളുകൾ എറിഞ്ഞ ഇന്ത്യൻ ബൗളിംഗ് നിരയെ വിമർശിച്ച് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ഒരിക്കലും പ്രൊഫഷണലുകൾ എന്ന നിലയിൽ ഇത് ചെയ്യാൻ പാടില്ലാത്തതാണെന്നും പറഞ്ഞു.
അതേസമയം, പൂനെയിൽ ഇന്ത്യയെ 16 റൺസിന് തോൽപിച്ച ശ്രീലങ്ക മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഒപ്പമെത്തി. ഈ മത്സരത്തിന് ശേഷം ചാനലായ സ്‌റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച ഗവാസ്‌കർ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിനെതിരെ ആഞ്ഞടിച്ചു.
ഒരു മത്സരത്തിൽ ഇത്രയധികം നോ ബോളുകൾ എറിയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അർഷദീപ് സിംഗ് അഞ്ച് നോബോളുകൾ എറിഞ്ഞപ്പോൾ ഉമ്രാൻ മാലിക്കും ശിവം മാവിയും ഓരോ നോബോൾ വീതം എറിഞ്ഞു.
“ഒരു പ്രൊഫഷണൽ എന്ന നിലയിൽ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയില്ല. ഇന്നത്തെ കളിക്കാർ പറയുന്നത് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്, കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ലെന്ന്. നിങ്ങൾ പന്ത് ഡെലിവർ ചെയ്‌തതിന് ശേഷം എന്ത് വേണമെങ്കിലും സംഭവിക്കും അത് മറ്റൊരു കാര്യം. എങ്കിലും നോ ബോൾ എറിയാതിരിക്കുന്നത് തീർച്ചയായും നിങ്ങളുടെ നിയന്ത്രണത്തിലാണ്” ഗവാസ്‌കർ പറഞ്ഞു.
ഒരു ടി20 ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ നോബോളുകൾ എറിയുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇതോടെ അർഷദീപിന്റെ പേരിലായി. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, അയർലൻഡ്, അഫ്‌ഗാനിസ്ഥാൻ എന്നിവയാണ് ഒരു ഇന്നിംഗ്‌സിൽ ഇത്രയധികം നോബോൾ വഴങ്ങിയ മറ്റ് രാജ്യങ്ങൾ.