സ്വവര്‍ഗാനുരാഗികളായ ആദില നസ്രിനും ഫാത്തിമ നൂറയും വിവാഹിതരായി
സ്വവര്‍ഗാനുരാഗികളായ ആലുവ സ്വദേശി ആദില നസ്രിനും (22) കോഴിക്കോട് താമരശേരി സ്വദേശി ഫാത്തിമ നൂറയും (23) വിവാഹിതരായി.
ഫേസ്ബുക്കിലൂടെ ഇവര്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പരസ്‌പരം മോതിരം ഇടുന്നതിന്റെയും കേക്ക് മുറിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
സൗദി അറേബ്യയിലെ പ്ലസ് വണ്‍ പഠനകാലത്താണ് ഇരുവരും പരിചയത്തിലാകുന്നത്. എല്ലാ കാര്യങ്ങളും പരസ്‌പരം പങ്കുവയ്ക്കാറുണ്ടായിരുന്നു. നൂറയാണ് തന്റെ സ്വത്വം ആദ്യം തിരിച്ചറിഞ്ഞത്. ആണും പെണ്ണുമായിരുന്നെങ്കില്‍ ഒരേ സമുദായക്കാരായ നമുക്ക് വിവാഹം കഴിക്കാമായിരുന്നെന്ന് ആദില ഒരിക്കല്‍ കൂട്ടുകാരിയോട് പറഞ്ഞിരുന്നു. ഇതു വെറും ആകര്‍ഷണമല്ലെന്നും അസ്ഥിക്കു പിടിച്ച പ്രണയമാണെന്നും പ്ലസ് ടു കാലത്ത് ഇരുവരും തിരിച്ചറിഞ്ഞു.
അതിനിടെ ചാറ്റുകള്‍ വീട്ടുകാര്‍ പിടിച്ചെടുത്തു. ഭീഷണിയും അനുനയവും തല്ലുമൊക്കെ ഉണ്ടായിട്ടും ബന്ധം തുടരുമെന്ന വാശിയില്‍ ഇരുവരും ഉറച്ചുനിന്നതോടെ വീട്ടുകാര്‍ ഇവരെ നാട്ടിലേക്ക് അയച്ചു. ഇതോടെ പരസ്പരം ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞു. മിക്സഡ് കേളേജില്‍ പഠിച്ചാല്‍ മകളുടെ ‘പ്രശ്നം’ മാറുമെന്നായിരുന്നു ആദിലയുടെ ഉപ്പയുടെ ധാരണ. വിവാഹം കഴിഞ്ഞാല്‍ മകള്‍ സാധാരണക്കാരെ പോലെ ജീവിക്കുമെന്ന് നൂറയുടെ വീട്ടുകാരും കരുതി. കൂടാതെ കൗണ്‍സിലിംഗിനു വിധേയയാക്കി.
ഡിഗ്രി പരീക്ഷാഫലം വന്നതിനു പിന്നാലെ ആദില നൂറയെ കാണാന്‍ കോഴിക്കോട്ടെത്തിയിരുന്നു . ഒരു സന്നദ്ധസംഘടനയില്‍ ഇവര്‍ അഭയം തേടി. എന്നാല്‍ നൂറയുടെ ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ ബന്ധുക്കള്‍ ഇരുവരെയും ആലുവ മുപ്പത്തടത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. നൂറയുടെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച് അവളെ കൂട്ടിക്കൊണ്ടുപോയി. തടയാനുള്ള ശ്രമത്തിനിടയില്‍ ആദിലയ്ക്ക് പരിക്കേറ്റു.
വീട്ടില്‍ തുടരാന്‍ കഴിയില്ലെന്നു വന്നതോടെ ആദില കൊച്ചിയിലെ വനിതകേന്ദ്രത്തിലേക്ക് താമസം മാറ്റി. നൂറയെ വീട്ടുകാര്‍ തട്ടികൊണ്ടു പോയെന്ന് പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന ആദിലയുടെ വെളിപ്പെടുത്തല്‍ വൈറലായി. ഒന്നിച്ചു ജീവിക്കാന്‍ അനുമതി തേടി ആദില ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിന് കോടതി അനുമതി നല്‍കുകയും ചെയ്‌തു.