ഗാസയിലേത് വംശഹത്യയെന്ന് വിളിച്ചുപറഞ്ഞു; അമേരിക്കയിൽ മുസ്‌ലിം നഴ്‌സിനെ ജോലിയില്‍ നിന്നും പുറത്താക്കി
ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിച്ച മുസ്ലിം നഴ്‌സിനെ ജോലിയില്‍ നിന്നും പുറത്താക്കി. പലസ്തീന്‍-അമേരിക്കന്‍ വംശജയായ ഹെസന്‍ ജാബറിനെയാണ് ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റല്‍ പിരിച്ചുവിട്ടത്.
നേരത്തെ ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെസന് അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് ദാന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് ഗസയിലേത് വംശഹത്യയാണെന്ന് ഹെസന്‍ വിശേഷിപ്പിച്ചത്.
ഗസ വിഷയത്തിൽ ഉള്ള സ്വന്തം കാഴ്ചപ്പാടുകള്‍ ജോലി സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് ലേബര്‍ ആന്‍ഡ് ഡെലിവറി നഴ്സ് ഹെസെന്‍ ജാബറിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി എന്‍യുയു ലാംഗോണ്‍ ഹെല്‍ത്ത് വക്താവ് വ്യക്തമാക്കി. മേയ് ഏഴിനായിരുന്നു അവാര്‍ഡ് ദാനച്ചടങ്ങ് നടന്നത്. തുടര്‍ന്ന് കുറച്ചു ആഴ്ചകള്‍ക്ക് ശേഷം തന്നെ പിരിച്ചുവിട്ടുവെന്ന് അറിയിച്ചുള്ള കത്ത് ലഭിച്ചതായി ഹെസന്‍ പറഞ്ഞു.
പ്രസംഗത്തില്‍ യുദ്ധത്തിനിടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഗസയിലെ അമ്മമാരെക്കുറിച്ചും ഹെസന്‍ പരാമര്‍ശിച്ചു. ഗസയില്‍ നടക്കുന്ന വംശഹത്യയില്‍ തന്റെ രാജ്യത്തെ സ്ത്രീകള്‍ സങ്കല്‍പ്പിക്കാനാവാത്ത വിധത്തിലുള്ള നഷ്ടങ്ങളിലൂടെ കടന്നുപോകുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും നഴ്‌സ് പറഞ്ഞു.
”അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും ഈ വംശഹത്യയില്‍ അവര്‍ക്ക് നഷ്ടപ്പെട്ട കുട്ടികളെയും ഓര്‍ത്ത് സങ്കടപ്പെടുമ്പോള്‍ എനിക്ക് അവരെ കൈകള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും, ഞാന്‍ അവരെ ഇവിടെ NYU യില്‍ പ്രതിനിധീകരിക്കുന്നത് തുടരുമ്പോള്‍ അതവരെ അഭിമാനം കൊള്ളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” എന്നും ഹെസന്‍ തന്റെ പ്രസംഗത്തില്‍ പറയുന്നു. ചടങ്ങിന് ശേഷം ജോലിയില്‍ തിരിച്ചെത്തിയെങ്കിലും ഈ പരാമര്‍ശങ്ങളാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിലേക്ക് നയിച്ചതെന്ന് ജാബര്‍ വ്യക്തമാക്കി.
‘ഞാന്‍ മറ്റുള്ളവരെ അപകടത്തിലാക്കുകയും ചടങ്ങ് നശിപ്പിക്കുകയും ആളുകളെ വ്രണപ്പെടുത്തിയത് എങ്ങനെയെന്നും ചര്‍ച്ച ചെയ്യാന്‍ ആശുപത്രിയിലെ നഴ്സിങ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ഒരു മീറ്റിങ്ങിന് എന്നെ വിളിച്ചു. എന്റെ പ്രസംഗത്തിന്റെ ഒരു ചെറിയ ഭാഗം എന്റെ നാട്ടിലെ ദുഃഖിതരായ അമ്മമാരോടുള്ള ആദരവായിരുന്നു’ ഹെസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘കഴിഞ്ഞ ഡിസംബറില്‍ ഹെസന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അവരുടെ സഹപ്രവര്‍ത്തകര്‍ മുഴുവന്‍ പങ്കെടുത്ത പരിപാടിയില്‍ വച്ച് വീണ്ടും വിവാദപരാമര്‍ശങ്ങള്‍ നടത്തി. ഹെസന്റെ പ്രസംഗത്തിന് ശേഷം സഹപ്രവര്‍ത്തകരില്‍ ചിലര്‍ അസ്വസ്ഥരായിരുന്നു. തല്‍ഫലമായി, ജാബര്‍ ഇപ്പോള്‍ എന്‍യുയു ലാംഗോണ്‍ ജീവനക്കാരിയല്ല’ മുമ്പത്തെ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാതെ വക്താവ് പറഞ്ഞു.
2015 മുതല്‍ എന്‍യുയു ലാംഗോണിലെ ജീവനക്കാരിയാണ് ഹെസന്‍. ഇസ്രായേലിനെ കുറിച്ചും ഗസയിലെ യുദ്ധത്തെ കുറിച്ചുമുള്ള തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ കുറിച്ച് കഴിഞ്ഞ മാസങ്ങളില്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍മാര്‍ തന്നെ ആവര്‍ത്തിച്ച് ചോദ്യം ചെയ്തിരുന്നതായും ഹെസന്‍ ജാബര്‍ വ്യക്തമാക്കി.
തനിക്ക് ലഭിച്ച അവാര്‍ഡിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് വളരെ പ്രസക്തമാണെന്നും അവര്‍ പറഞ്ഞു. ഇസ്രായേല്‍ വംശഹത്യയെ കുറിച്ചുള്ള അഭിപ്രായങ്ങളുടെ പേരില്‍ യു.എസിലുടനീളമുള്ള നിരവധി ജീവനക്കാരെ പിരിച്ചുവിടുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.