ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ളപോരാട്ടം; പരിഹരിക്കാൻ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം
രാജസ്ഥാൻ കോൺഗ്രസിലെ മുതിർന്നനേതാവും മുഖ്യമന്ത്രിയുമായ അശോഖ് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ സച്ചിന്‍ പൈലറ്റുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. പഞ്ചാബിലേത് പോലെയുള്ള സംഭവങ്ങള്‍ക്ക് വഴിവെക്കാതിരിക്കാൻ കരുതലോടെയാണ് വിഷയത്തില്‍ നേതൃത്വത്തിന്‍റെ നീക്കം.
ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണ് രാജസ്ഥാന്‍റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രണ്‍ധാവ വ്യക്തമാക്കിയത്. ഇതിനിടയിലാണ് പ്രശ്നപരിഹാരത്തിനായി മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ഹൈക്കമാന്‍റ് നിയോഗിച്ചത്. ഇന്നലെ സച്ചിൻ പൈലറ്റുമായും കോണ്‍ഗ്രസ സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായും കമല്‍നാഥ് കൂടിക്കാഴ്ച നടത്തി.
നേരത്തെ പഞ്ചാബില്‍ നിയമസഭ തെരഞ്ഞടുപ്പിന് മുൻപ് സിദ്ധുവും അമരീന്ദർ സിങും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പോലെ ഇവിടെ വഷളാകാതിരിക്കാൻ രാജസ്ഥാനില്‍ കരുതലോടെയാണ് നേതൃത്വം നീക്കം നടത്തുന്നത്. മൂന്ന് ദിവസമായി ദില്ലയില്‍ തുടരുന്ന പൈലറ്റിനെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കണ്ടിട്ടില്ല. എന്നാല്‍, രണ്‍ധാവ സച്ചിൻ പൈലറ്റുമായി ചർച്ച നടത്തിയ ശേഷം രാഹുല്‍ ഗാന്ധിയേയും ഖർഗേയും കണ്ടു.