എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്ന് പുത്തരിക്കണ്ടത്ത് സമാപനം;സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രചാരണത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിനേയും പാര്‍ട്ടിയേയും പിടിമുറുക്കിയ വിവാദങ്ങളുടെ കൂടി കുരുക്കഴിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ സമാപിക്കുന്നത്.
വൈകീട്ട് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തെ സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ സംഘടനാ തലപ്പത്ത് എംവി ഗോവിന്ദന്‍റെ പദവി ഉറപ്പിക്കുന്നതു കൂടിയായി ജാഥ.
അസമയത്തെ പ്രഖ്യാപനം കൊണ്ട് പാര്‍ട്ടി അണികളെ പോലും അമ്ബരപ്പിച്ച ജനകീയ പ്രതിരോധ ജാഥ പുരോഗമിച്ചത് അത്രയും അപ്രതീക്ഷിത സംഭവങ്ങളിലൂടെയായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണം, ഒപ്പം പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബാധിച്ച വിവാദങ്ങളില്‍ രാഷ്ട്രീയ വിശദീകരണം. കാസര്‍കോടു നിന്ന് തിരുവനന്തപുരം വരെ ഒരുമാസം നീണ്ടു നിന്ന ജാഥയുടെ പുരോഗതി പക്ഷെ പ്രതീക്ഷിത സംഭവങ്ങള്‍ക്കെല്ലാം അപ്പുറത്തായിരുന്നു. തില്ലങ്കേരി ബന്ധത്തില്‍ തുടങ്ങി മുഖ്യമന്ത്രിയുടെ സുരക്ഷക്കും ബജറ്റിലെ അധിക നികുതി നിരിദ്ദശങ്ങള്‍ക്കും എതിരായി ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധങ്ങളെ വരെ നേരിട്ട് ജാഥയിലെ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെ അസാന്നിധ്യം വിവാദമായി. പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന വിവാദങ്ങളില്‍ അസംതൃപ്തി മുഴുവന്‍ പ്രകടമാക്കി ഇപി ജാഥയിലണി ചേര്‍ന്നത് പകുതി കേരളം പിന്നിട്ട ശേഷമാണ്.
സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ ഇടപാടിലും ഇഡി നടപടികള്‍ ഏറ്റ് പിടിച്ച് സ്വപ്ന സുരേഷ് ഉന്നയിച്ച ഒത്തു തീര്‍പ്പ് ആരോപണത്തില്‍ ജാഥ തലസ്ഥാനത്തെത്തും മുന്‍പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യേണ്ടിയും വന്നു എംവി ഗോവിന്ദന്. ബ്രഹ്മപുരം കത്തി സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോള്‍ പ്രതിരോധ ജാഥയും പ്രതിരോധ വഴിയിലായി. ഇടക്ക് കെ- റെയില്‍ അപ്പക്കഥയും സുരേഷ് ഗോപിക്ക് നല്‍കിയ മറുപടിയും ജാഥയേയും ക്യാപ്റ്റനേയും വൈറലാക്കി.
തെറ്റുതിരുത്തല്‍ രേഖ കര്‍ശനമായി നടപ്പാക്കി അച്ചടക്കത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പാര്‍ട്ടിക്കകത്ത് എംവി ഗോവിന്ദന്‍റെ ഇടപെടല്‍. കൂടുതല്‍ സീറ്റ് കിട്ടാന്‍ സാധ്യതയുള്ള സംസ്ഥാനമെന്ന നിലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സംവിധാനം ചലിപ്പിച്ച് നിര്‍ത്താന്‍ ജാഥക്കായെന്ന വിലയിരുത്തല്‍ സിപിഎമ്മിന് പൊതുവെയുമുണ്ട്. വിമര്‍ശനങ്ങളുടെ കുത്തൊഴുക്കിനിടയിലും വന്‍ സ്വീകരണ യോഗങ്ങള്‍, ജാഥക്കൊപ്പം നേതൃത്വത്തിലേക്ക് നടന്ന് കയറിയ രണ്ടാം നിര, പിണറായിക്ക് എതിര്‍ വാ ഇല്ലാതിരുന്ന കോടിയേരി യുഗത്തിന് ശേഷം ഇടമുറപ്പിക്കുന്ന എംവി ഗോവിന്ദന്റെ ശബ്ദത്തിനാകും വരും ദിവസങ്ങളില്‍ സിപിഎം രാഷ്ട്രീയം കാതോര്‍ക്കുക.