കോൺഗ്രസിനോ ശരദ് പവാറിനോ മമത ബാനർജിക്കോ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാവില്ല: ഗുലാം നബി ആസാദ്


ജമ്മു കശ്മീരിന് ഭരണഘടനാ പ്രകാരം കൂടുതൽ സ്വയംഭരണാവകാശം നൽകുന്ന ‘ആർട്ടിക്കിൾ 370’ പുനസ്ഥാപിക്കാൻ കഴിയുന്നതല്ലെന്ന് ഗുലാബ് നബി ആസാദ്. കേവലം വോട്ടുകൾ ലഭിക്കാനായി താൻ ആരെയും തെറ്റിദ്ധരിപ്പിക്കില്ലെന്നും ജനത്തെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും നേടാൻ കഴിയാത്ത കാര്യങ്ങൾ പ്രാദേശിക പാർട്ടികൾ ഉയർത്തരുത്. അടുത്ത 10 ദിവസത്തിനകം പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഇന്ന് വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ, തൻ്റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എനിക്കോ, കോൺഗ്രസിനോ, ശരദ് പവാറിനോ, മമത ബാനർജിക്കോ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാവില്ല. അതിന് രാജ്യത്തിന്റെ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഇപ്പോഴാവട്ടെ ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയത്തിൻ്റെ പടുകുഴിയിൽ വീഴുന്നു. അതുകൊണ്ടുതന്നെ പാർലമെന്റിൽ ഭൂരിപക്ഷം നേടാനും അതിലൂടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- അദ്ദേഹം പറഞ്ഞു.