സര്‍വകലാശാലകളില്‍ പെൺകുട്ടികൾക്ക് വിലക്ക്; വിശദീകരണവുമായി താലിബാന്‍ ഭരണകൂടം
രാജ്യത്തെ സര്‍വകലാശാലകളില്‍ പഠിക്കുന്നതിൽ നിന്നും പെണ്‍കുട്ടികളെ വിലക്കിയ തീരുമാനത്തെ ന്യായീകരിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. പെണ്‍കുട്ടികളോട് ഭരണകൂടം ഹിജാബ് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടും അവര്‍ അത് പാലിച്ചില്ലെന്നും വിവാഹത്തിന് പോകുന്നതുപോലെയാണ് അവര്‍ സര്‍വകലാശാലകളിലെത്തുന്നതെന്നും അഫ്ഗാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീം അഫ്ഗാന്‍ വാർത്താ ഏജൻസിയായ ആര്‍ടിഐയോട് പറഞ്ഞു.
എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്നത്. ഇത് അഫ്ഗാന്‍ സംസ്‌കാരത്തിന് യോജിക്കുന്നതല്ലെന്നും താലിബാൻ പറയുന്നു . ” അഫ്‌ഗാനിലെ പെണ്‍കുട്ടികള്‍ പഠിക്കണം. എന്നാൽ ഇസ്ലാമും അഫ്ഗാന്‍ സംസ്‌കാരവും അനുവദിക്കാത്ത മേഖലകളിലേക്ക് പെണ്‍കുട്ടികള്‍ കടക്കരുത്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇടപെടേണ്ടതില്ല.”- നേദ മുഹമ്മദ് നദീം പറഞ്ഞു.
അതേസമയം, നേരത്തെ സര്‍വകലാശാലകളില്‍ നിന്ന് പെണ്‍കുട്ടികളെ പുറത്താക്കിയ താലിബാന്‍ ഭരണകൂടത്തിന്റെ നടപടിയെ ഐക്യരാഷ്ട്രസഭ അപലപിച്ചിരുന്നു.