സ്‌കൂൾ ഹോസ്റ്റലിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രധാനാധ്യാപികയുടെ മകൻ അറസ്റ്റിൽ
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സ്‌കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത പെൺ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 31 കാരനായ ഡോക്ടർ അറസ്റ്റിൽ. സർക്കാർ – എയിഡഡ് സ്കൂളിന്റെ ഹോസ്റ്റലിലാണ് ഇതേ സ്കൂളിലെ പ്രധാന അധ്യാപികയുടെ മകനായ ഇയാൾ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
പീഡന വിവരം പുറം ലോകം അറിയുന്നത് ഇരയായ പെൺകുട്ടികളിലൊരാൾ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ്. ഡോക്ടർ മാസങ്ങളായി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു . പോക്സോ വകുപ്പുകൾ പ്രകാരം തിരുച്ചിറപ്പള്ളി ഫോർട്ട് ഓൾ വനിതാ പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതോടൊപ്പം കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാൻ സഹായിച്ചെന്ന് കാണിച്ചും പ്രതിയുടെ അമ്മയായ പ്രധാനാധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരെയും നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 3 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.