ബിയറിനുള്ള എക്‌സൈസ് തീരുവ വർധിപ്പിച്ചു ഗോവൻ സർക്കാർ

single-img
15 October 2022

പനാജി: ബിയറിനുള്ള എക്‌സൈസ് തീരുവ ലിറ്ററിന് പത്ത് മുതല്‍ പന്ത്രണ്ട് രൂപ വരെ വര്‍ധിപ്പിച്ച്‌ ഗോവന്‍ സര്‍ക്കാര്‍.

സംസ്ഥാനത്തെ മദ്യവ്യവസായത്തിന് വലിയ തിരിച്ചടിയായിരിക്കും പുതിയ നടപടി നല്‍കുക. രാജ്യത്ത് ഏറ്റവും വിലക്കുറവില്‍ മദ്യം ലഭിക്കുന്ന സംസ്ഥാനമായിരിക്കില്ല ഗോവയെന്ന സൂചനകള്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു.ഗോവയില്‍ നിന്ന് മദ്യം എത്തിക്കുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ തടഞ്ഞ അവസരത്തിലാണ് ബിയറിന്റെ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത്. ഗോവയില്‍ നിന്ന് സംസ്ഥാനത്ത് മദ്യം എത്തിക്കുന്നവര്‍ക്കെതിരെ കണ്‍ട്രോള്‍ ഒഫ് ഓര്‍ഗനൈസ്‌ഡ് ക്രൈം ആക്‌ട് പ്രയോഗിക്കുമെന്ന് മഹാരാഷ്ട്ര ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഗോവയേക്കാള്‍ കുറഞ്ഞ വിലയിലാണ് വിദേശമദ്യം വില്‍ക്കുന്നത്. ഇക്കാരണത്താല്‍ ഗോവയില്‍ വിദേശമദ്യ വില്‍പ്പനയില്‍ മുപ്പത് മുതല്‍ നാല്‍പ്പത് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ധനവകുപ്പ് ബിയറിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ലിറ്ററിന് മുപ്പത് രൂപയ്ക്ക് ലഭിച്ചിരുന്ന ബിയര്‍ ഇനി മുതല്‍ നാല്‍പ്പത്തിരണ്ട് രൂപയ്ക്കായിരിക്കും ലഭിക്കുക. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ മദ്യത്തിന്റെ അംശമുള്ള ബിയറിന് ലിറ്ററിന് 60 രൂപയാണ് തീരുവ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.