പലസ്തീനില്‍ നടക്കുന്നത് ആധുനിക ലോകം ഇത് വരെ കാണാത്ത ക്രൂരത: സീതാറാം യെച്ചൂരി

single-img
28 December 2023

ഇസ്രായേൽ പലസ്തീനില്‍ നടത്തുന്നത് ക്രൂരമായ വംശഹത്യയാണ് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനില്‍ നടക്കുന്നത് ആധുനിക ലോകം ഇത് വരെ കാണാത്ത ക്രൂരതയാണ് നടക്കുന്നതെന്നും ഇത് യുദ്ധമല്ലെന്നും അദ്ദേഹത്തെ പറഞ്ഞു. അവിടെ ഒരു സൈന്യം ഏകപക്ഷീയമായ അതിക്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു. കാടത്തമാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നും മനുഷ്യത്വത്തിനെതിരായ വെല്ലുവിളിയാണ് പലസ്തീനില്‍ നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

ഇസ്രയേല്‍എല്ലാ പാരമ്പര്യങ്ങളും നിഷേധിക്കുകയാണ്. പലസ്തീനുകാരെ രാഷ്ട്ര രഹിത, ഭൂരഹിത മനുഷ്യരാക്കി മാറ്റാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ ഇന്ത്യന്‍ ജനതയുടെയും സിപിഐഎമ്മിന്റെയും നിലപാട് സുവ്യക്തമാണ്. വംശഹത്യ അവസാനിപ്പിക്കണം. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്നും മോദി ഗവണ്‍മെന്റിന്റെ നിലപാട് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാട് ഇസ്രയേല്‍ അനുകൂലമാണ്, നമ്മുടെ വിദേശ നയത്തിനെതിരാണ്.സ്വാതന്ത്രത്തിന് മുമ്പ് തന്നെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെയാണ് ഇന്ത്യ അനുകൂലിക്കുന്നതെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു.

അമേരിക്ക – ഇന്ത്യ – ഇസ്രയേല്‍ അച്ചുതണ്ടുണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ ശ്രമം. അതിനെതിരെയാണ് ഇന്ത്യയില്‍ പ്രതിഷേധമുയര്‍ന്ന് വരുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെയാണ് ഇസ്രയേല്‍ വംശഹത്യ നടത്തുന്നത്. മധ്യ പൂര്‍വദേശം കൈയ്യടക്കാനുള്ള ശ്രമമാണ് ഇസ്രയേലിന്റേത്. മാനവികതയ്ക്കും മനുഷ്യത്വത്തിനുമെതിരായ യുദ്ധമാണിതെന്നും യെച്ചൂരി പറഞ്ഞു . ഇതോടൊപ്പം നവകേരള സദസ് വിജയിപ്പിച്ച ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.