ഇന്ത്യയിലെ ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് പാകിസ്ഥാനിൽ പോയി വിവാഹിതയായ അഞ്ജു തിരിച്ചുവരുന്നു

single-img
19 October 2023

ഇന്ത്യയിൽ രാജസ്ഥാനിലെ ഭിവാദിയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയ് അഞ്ജു എന്ന യുവതി ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ തിരിച്ചെത്തും. ഈ മാസം തന്നെ താൻ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും അഞ്ജു ആജ് തക്കിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. തൻ്റെ മക്കൾക്ക് വേണ്ടിയാണ് താൻ ഇന്ത്യയിലേക്ക് വരുന്നതെന്നും അഞ്ജു പറഞ്ഞു.

ഇന്ത്യയിൽ തിരികെ എത്തിയാൽ എല്ലാ ചോദ്യങ്ങൾക്കും താൻ ഉത്തരം നൽകുമെന്നും അഞ്ജു വാർത്താ ചാനലായ ആജ് തക്കിനോട് വ്യക്തമാക്കി. പാകിസ്ഥാനിൽ താൻ എത്തിയത് സന്ദർശക വിസയിലാണ്. പാക്കിസ്ഥാനിലെ വിസയുടെ പരിധി അവസാനിക്കുകയാണെന്നും അഞ്ജു പറഞ്ഞു. തനിക്ക് തൻ്റെ മക്കളുടെ അടുത്തേക്ക് തിരിച്ചു വരണം. അൽവാറിൽ തിരിച്ചെത്തിയ ശേഷം കുട്ടികളെ കാണുമെന്നും അവരോട് സംസാരിക്കുമെന്നും അവർ വ്യക്തമാക്കി.

അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും. മാത്രമല്ല രാജ്യത്തിൻ്റെ സുരക്ഷാ ഏജൻസികളുടേയും പൊലീസിൻ്റേയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ തയ്യാറാണെന്നും അഞ്ജു പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അഞ്ജു ആവർത്തിച്ചു. താൻ എന്ത് ചെയ്താലും അത് തൻ്റെ മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ ആരെയും ശ്രദ്ധിക്കുന്നില്ലെന്നും അഞ്ജു പറഞ്ഞു. `ഞാൻ എൻ്റെ മാതാപിതാക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ച് ഓരോ നിമിഷവും ബോധവതിയായിരുന്നു. പാക്കിസ്ഥാനിലെത്തിയപ്പോൾ ആദ്യം വിളിച്ചത് എൻ്റെ സഹോദരിയെയാണ്. എൻ്റെ ഭർത്താവ് അരവിന്ദുമായുള്ള ബന്ധം ഇതിനകം തകർന്നിരുന്നു. ഇപ്പോൾ അരവിന്ദ് എനിക്കെതിരെ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്´- അഞ്ജു ആരോപിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും തൻ്റെ പക്കൽ ഉത്തരങ്ങളുണ്ടെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ താൻ തയ്യാറാണെന്നും അഞ്ജു വ്യക്തമാക്കി. കുറച്ചു ദിവസങ്ങൾ കാത്തിരുന്നാൽ യാഥാർത്ഥ്യം എല്ലാവരുടെയും മുന്നിൽ എത്തുമെന്നും അഞ്ജു വ്യക്തമാക്കി..

പാകിസ്ഥാനിൽ ഒരാഴ്ച മാത്രം തങ്ങണമെന്ന ഉദ്ദേശത്തോടുകൂടിയാണ് താൻ എത്തിയതെന്ന് അഞ്ജു വ്യക്തമാക്കി. എന്നാൽ സാഹചര്യങ്ങൾ അങ്ങനെ അല്ലായിരുന്നു. തനിക്ക് നാസ്റുല്ലയെ വിവാഹം കഴിക്കേണ്ടി വന്നു എന്നും അഞ്ജു പറഞ്ഞു. ആദ്യം നാസ്റുല്ലയോടൊപ്പം താമസിച്ച് അദ്ദേഹത്തെ അറിഞ്ഞ് മനസ്സിലാക്കി വിവാഹത്തിലേക്ക് കടക്കണം എന്നാണ് ആഗ്രഹിച്ചത്. എന്നാൽ സംഭവിച്ചത് അങ്ങനെ അല്ലായിരുന്നു എന്നും അഞ്ജു പറഞ്ഞു.

ആദ്യം പാകിസ്ഥാനിലേക്ക് പോകണമെന്ന് മാത്രമാണ് താൻ കരുതിയിരുന്നതെന്ന് അഞ്ജു പറഞ്ഞു. വിവാഹം അപ്പോൾ പദ്ധതിയിൽ ഇല്ലായിരുന്നു. പാകിസ്ഥാനിലെത്തി നസ്റുല്ലയുമായി താമസിച്ച ശേഷം ഇന്ത്യയിലെത്തി മാതാപിതാക്കളെ കാണണമെന്നും അതിനുശേഷം വിവാഹിതർ ആകണമെന്നുമായിരുന്നു പ്ലാൻ. എന്നാൽ പദ്ധതി ഇട്ടത് പോലെ കാര്യങ്ങൾ നടന്നില്ല. തങ്ങളുടെ വിവാഹം പെട്ടെന്ന് കഴിഞ്ഞുവെന്നും അഞ്ജു പറഞ്ഞു.

ഇനിയെല്ലാം തൻ്റെ മക്കളുടെ ആശ്രയിച്ചിരിക്കുമെന്നും അഞ്ജു വ്യക്തമാക്കി. തൻ്റെ മക്കൾക്ക് ഇന്ത്യയിൽ തുടരണമെങ്കിൽ അങ്ങനെയാകാം, മറിച്ച് അവർക്ക് പാക്കിസ്ഥാനിൽ തുടരണമെങ്കിൽ അവരേയും കൂട്ടി പാകിസ്ഥാനിലേക്ക് മടങ്ങുമെന്നും അഞ്ജു പറഞ്ഞു.

ഒരു കാര്യത്തിലും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അഞ്ജു പറഞ്ഞു. പാകിസ്ഥാനിലെത്തിയത് നിയമപരമായാണ്. തിരിച്ചുവരാൻ തന്നെയായിരുന്നു തീരുമാനം. അതുകൊണ്ടാണ് ജോലി ഉപേക്ഷിക്കാത്തത്. തന്റെ കുട്ടികളെ തനിക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും അഞ്ജു പറഞ്ഞു. ഓരോ വ്യക്തിയുടെയും സാഹചര്യങ്ങൾ അവർക്ക് മാത്രമേ അറിയാൻ കഴിയൂ. എത്രയോ ദിവസങ്ങൾ രാത്രിയിൽ മക്കളെ ഓർത്ത് ഉണർന്നിരുന്നു. പലവട്ടം ഭക്ഷണം പോലും കഴിച്ചില്ല. എന്നാൽ ഇത് ആരോടും പറയാൻ കഴിയാത്ത സാഹചര്യമാണ്. തന്നെ മനസ്സിലാക്കാൻ ആരും തയ്യാറാകില്ലെന്നും അഞ്ജു പറഞ്ഞു.

അഞ്ജു ഒക്ടോബർ അവസാനവാരം ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് ഉറപ്പിച്ചു പറയുന്നത്. എന്നാൽ ഈ പ്രസ്താവനയിൽ എത്രത്തോളം സത്യമുണ്ടെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്. ഇതിന് മുമ്പ് പലതവണ താൻ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് അഞ്ജു പറഞ്ഞിരുന്നു. എന്നാൽ അപ്പോഴൊന്നും അവർ തിരിച്ചെത്തിയില്ല. ഇനി ഒരുപക്ഷേ അഞ്ജു തിരിച്ചെത്തിയാൽ മറ്റു കാര്യങ്ങൾ എങ്ങനെയാകുമെന്ന് ഊഹിക്കാനുംകഴിയുന്നില്ല.

അഞ്ജുവിൻ്റെ മക്കളും വീട്ടുകാരും അവളെ സ്വീകരിക്കുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. പാകിസ്ഥാൻ സ്വദേശിയായ കാമുകൻ നസ്റുല്ലയെ വിവാഹം കഴിച്ച അഞ്ജു ഫാത്തിമയായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ അവരുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയുടെ പ്രതിഫലനം വളരെ വലുതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.