സ്‌കാഡിനേവിയന്‍ രാജ്യങ്ങളിലെ പൊതുവിദ്യാഭ്യാസ മാതൃക കേരളത്തിലേക്ക് പകര്‍ത്തണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് : സ്പീക്കര്‍ എ എൻ ഷംസീർ
കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് അവരെ വളര്‍ത്തിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും ഈ ലക്ഷ്യമാണ് അധ്യാപകരും രക്ഷിതാക്കളും നിര്‍വഹിക്കേണ്ടതെന്നും നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. കാസർകോട് ജില്ലയിലെ മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ
ചടങ്ങിൽ അധ്യക്ഷത വഹിച്ചു
സ്‌കാഡിനേവിയന്‍ രാജ്യങ്ങളിലെ പൊതുവിദ്യാഭ്യാസ മാതൃക കേരളത്തിലേക്ക് പകര്‍ത്തണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ലോകത്ത് മുന്‍പില്‍ നില്‍ക്കുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അവിടെ 7ാം ക്ലാസ് വരെ ഹോംവര്‍ക്കുകള്‍ ഒന്നുമില്ല. കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിനെ വളര്‍ത്തിയെടുക്കുന്ന രീതിയാണ് സ്‌കൂളുകള്‍ പിന്തുടരുന്നത്. ഒരു കുട്ടിയും ഒരു കഴിവും ഇല്ലാത്തവനായി പിറക്കുന്നില്ല.
കുട്ടികളില്‍ ഐക്യു കൊണ്ടു മാത്രമല്ല ഇ.ഐ.എയും (ഇമോഷണല്‍ ഇന്റലിജന്റ്) വളര്‍ത്താന്‍ അധ്യാപകര്‍ തയാറാകണം. ഇമോഷണല്‍ ഇന്റലിജന്‍സ് കൂടി വിജയിച്ചാല്‍ മാത്രമേ ഒരു വ്യക്തി പൂര്‍ണതയിലേക്ക് എത്തുകയുള്ളൂ. അതിനെ പ്രാപ്തമാക്കാന്‍ കുട്ടികളെ സ്‌കൂളില്‍ നിന്നു പരിശീലിപ്പിച്ചെടുക്കണം. സാങ്കേതിക വിദ്യയോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ സാധ്യമല്ല. മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവ കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കണം.
സാങ്കേതികവിദ്യകളോട് സൗഹ്യദമുള്ള എന്നാല്‍ അതിനോട് അടിമപ്പെടാത്ത ഒരു തലമുറയെ ആണ് വാര്‍ത്തെടുക്കേണ്ടത്. ഇതിന് അധ്യാപകരും രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കണം. ക്ലാസ് മുറികള്‍ മാത്രമല്ല നമ്മുക്ക് വേണ്ടത് കളി സ്ഥലങ്ങളും വേണം. ഈ രണ്ടുമാസം നിങ്ങള്‍ കുട്ടികളെ പൂര്‍ണമായി വിടണം. അവധിക്കാലത്ത് ഒരു കുട്ടിയും പഠിക്കേണ്ട. രണ്ട് മാസം പൂര്‍ണമായും കളിച്ചുല്ലസിച്ച് കുട്ടികള്‍ വളരണം. കുട്ടികള്‍ക്ക് അതിന് ഏറ്റവും പ്രധാനം കളി സ്ഥലങ്ങളാണ്. മൈതാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയാറാകണം. കുട്ടികളെ വിവിധ കായികരംഗങ്ങളിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സ്‌കൂളുകളെ സജ്ജമാക്കണം.
ചെറുപ്പത്തില്‍ തന്നെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടു പോകാനും കഴിയണം. ഉള്ളടക്കമുള്ളവരായി മാറാന്‍ വായന അനിവാര്യമാണ്. സ്‌കൂളുകളില്‍ ലൈബ്രറി കെട്ടിപ്പടുക്കാനും സ്‌കൂള്‍ അധികൃതര്‍ തയാറാകണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ഗൗരവമായി തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. പൊതുവിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളെ മാത്രമല്ല. സര്‍ക്കാര്‍, എയ്ഡഡ് മേഖലകള്‍ ചേര്‍ന്നതാണ് പൊതുവിദ്യാഭ്യാസം.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. അതാണ് ചാലഞ്ച് ഫണ്ട്. 50 ലക്ഷം രൂപ സ്‌കൂള്‍ വഹിക്കാന്‍ തയാറായാല്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കും. പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി പ്രതിബദ്ധതയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. അതിന്റെ പ്രതിഫലനം പൊതുവിദ്യാഭ്യാസ മേഖലയില്‍ കാണുന്നുണ്ട്.
നേരത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പഠിക്കാന്‍ പോയിരുന്നു. ഇന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റീവേഴ്‌സ് ഫ്‌ളോ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാണാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.