10 ലക്ഷം, ഭാര്യക്ക് സ്ഥിര ജോലി, മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കും; അജീഷിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സർക്കാർ
വയനാട് ജില്ലയിലെ മാനന്തവാടിക്ക് സമീപം പടമലയില്‍ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 10 ലക്ഷം സഹായധനവും അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലിയും നല്‍കും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കി.
ഇതോടുകൂടി നാട്ടുകാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ രാത്രിയാകുന്നതിനാല്‍ ഇന്ന് മയക്കുവെടിവെക്കാന്‍ സാധ്യത കുറവാണ്. ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. ഇതിനായി മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ അടക്കം എത്തിക്കും.
പ്രദേശത്തിൽ കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്. ഭയന്നോടിയ പടമല സ്വദേശി അജീഷിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. ട്രാക്ടർ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട ചാലിഗദ്ദ പടമല പനച്ചിയിൽ അജി എന്ന അജീഷ് കുമാർ.