സംസ്ഥാനത്തെ വിജ്ഞാന സമൂഹമായും സമ്പദ് വ്യവസ്ഥയായും മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: മന്ത്രി പി രാജീവ്
നിക്ഷേപം ആകര്‍ഷിച്ചും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും എഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയിൽ ദ്വിദിന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ സെഷനില്‍ എഐ പ്രോത്സാഹനത്തിനായുള്ള സര്‍ക്കാര്‍ ഉദ്യമങ്ങളെക്കുറിച്ചുള്ള സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് കൊച്ചിയില്‍ എഐ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിജ്ഞാന സമൂഹമായും സമ്പദ് വ്യവസ്ഥയായും മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ കേരളം തയ്യാറാണ്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ സംരംഭങ്ങളുടെ ലക്ഷ്യം.
സംസ്ഥാനത്തിന്‍റെ നേട്ടങ്ങളും പരിമിതികളും തിരിച്ചറിഞ്ഞാണ് പുതിയ വ്യാവസായിക നയത്തിന് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നത്. വൈദഗ്ധ്യമുള്ള മനുഷ്യവിഭവ ശേഷിയാണ് കേരളത്തിന്‍റെ പ്രധാന ശക്തി. എഐ, ബ്ലോക്ക് ചെയിന്‍, മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ്, ടൂറിസം, ലോജിസ്റ്റിക്സ് തുടങ്ങിയ 22 മുന്‍ഗണനാ മേഖലകളെ വ്യാവസായിക നയം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെ-സ്വിഫ്റ്റ് വഴി സംരംഭകര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും ലഘൂകരിക്കുകയും ചെയ്യുന്നതുള്‍പ്പെടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സ്വകാര്യ വ്യാവസായിക പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് എട്ട് മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ 52 അനുമതികള്‍ നല്‍കിയിട്ടുണ്ട്. കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും സര്‍ക്കാരിന്‍റെ നവീന സംരംഭങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എഐ ആവാസവ്യവസ്ഥയെക്കുറിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അവതരണം നടത്തി. എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനായി എഐ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പം പ്രധാന മേഖലകളില്‍ എഐ അധിഷ്ഠിത പരിഹാരങ്ങളെയും വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കുന്നു. വ്യവസായ-അക്കാദമിക് സഹകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നൈപുണ്യമുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ സഹായിക്കും. ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം, സ്ത്രീശാക്തീകരണം, ആരോഗ്യപരിരക്ഷയിലെ വൈദഗ്ധ്യം എന്നിവയില്‍ സംസ്ഥാനം നൈപുണ്യമുള്ള ഭാവി തൊഴിലാളികളെ ഉറപ്പാക്കുന്നു.
മികച്ച അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപസൗഹൃദ അന്തരീക്ഷവും ഒരുക്കി വ്യവസായ സംരംഭങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതായി മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി. 2023 ലെ വ്യാവസായിക നയത്തില്‍ സംരംഭകത്വം, അടിസ്ഥാന സൗകര്യങ്ങള്‍, ഹൈടെക് പരിവര്‍ത്തനം, നൈപുണ്യ വികസനം, ബ്രാന്‍ഡ് ഇക്വിറ്റി, ബിസിനസ് അന്തരീക്ഷം, മേഖലാ വ്യവസായവല്‍ക്കരണം എന്നിവ ഏഴ് പ്രധാന മേഖലകളായി കണക്കാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള ഐടി ഫോര്‍വേഡ് സ്ട്രാറ്റജി അനുസരിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഐടി, ഇലക്ട്രോണിക്സ് വ്യവസായത്തിന്‍റെ 10 ശതമാനം സംഭാവന ചെയ്യാന്‍ കേരളം തയ്യാറെടുക്കുകയാണെന്ന് ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അവതരണത്തില്‍ പറഞ്ഞു. ഐടി നയം ഇ-ഗവേണന്‍സ്, സ്മാര്‍ട്ട് ഗവണ്‍മെന്‍റ്, അടിസ്ഥാനസൗകര്യ വികസനം, മാനവ വിഭവശേഷി വികസനം, ഇന്നൊവേഷന്‍, സ്റ്റാര്‍ട്ടപ്പുകള്‍, പുതിയ സാങ്കേതികവിദ്യകള്‍, ഡാറ്റ മാനേജ്മെന്‍റ് എന്നിവ പ്രാപ്തമാക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും നേടാനാകും.
കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ എഐ പവര്‍ഡ് ഹൈ കപ്പാസിറ്റി ഡാറ്റാ സെന്‍റര്‍ സ്ഥാപിക്കും. കേരളത്തിലെ എല്ലാ ജനിതക വിവരങ്ങളുടെയും ശേഖരം കേരള ജീനോം ഡാറ്റാ സെന്‍റര്‍ (കെജിഡിസി) ആയിരിക്കുമെന്നും ഇത് 125-ലധികം ലൈഫ് സയന്‍സസ് സ്ഥാപനങ്ങളെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെവലപ്പര്‍മാര്‍, ബിസിനസ് പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐബിഎം ക്ലയന്‍റുകള്‍, പങ്കാളികള്‍ എന്നിവരുള്‍പ്പെടെ എഐ മേഖലയില്‍ നിന്നുള്ള രണ്ടായിരത്തോളം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.