ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് സർക്കാരിൻ്റെ ശ്രമം; റോബിൻ ബസ് ഉടമ ബേബി ഗിരീഷ് പറയുന്നു

single-img
23 November 2023

സംസ്ഥാന സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്. അനീതിക്കെതിരെ നിയമ മാർഗ്ഗത്തിൽ പോരാട്ടം നടത്തുന്ന ബേബി ഗിരീഷിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ്മ പുരസ്കാരം പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്ക്വയറിൽ ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൻ്റെ ഉടമസ്ഥതയിലുള്ള റോബിൻ ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദ്ദേശം നിലവിലുണ്ട്. പക്ഷെ പലയിടത്ത് തടഞ്ഞ് പിഴ ഈടാക്കി തന്നെ വേട്ടയാടുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. പ്രതിദിനം പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് സർക്കാരിൻ്റെ ശ്രമം. വൻ തുക ദിനംപ്രതി ഈടാക്കി തന്നെ അടിയറവ് പറയിക്കാൻ സർക്കാർ സംവീധാനങ്ങൾ ദുരുപയോഗിക്കുകയാണെന്ന് ഗിരീഷ് ആരോപിക്കുന്നു.

സർക്കാരിന്റെ കെ എസ് ആർ ടി സിക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. സഹകരണ ബാങ്കുകൾ നഷ്ടത്തിലാണെന്ന് പറഞ്ഞ് ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനം പൂട്ടിക്കെട്ടാൻ ഇവർ നിർദ്ദേശം നൽകുമോ എന്ന് ഗിരീഷ് ചോദിച്ചു. കെ എസ് ആർ ടി ഈരാറ്റുപേട്ട ഡിപ്പോ തനിക്ക് പാട്ടത്തിന് നൽകിയാൽ ലാഭത്തിലാക്കി കാണിക്കാമെന്നും ബേബി ഗിരീഷ് പറഞ്ഞു.