സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് നീതികരിക്കാനാവില്ല: ആഷിഖ് അബു
മലയാള സിനിമയിലെ സംഭവ വികാസങ്ങളിൽ എന്തുകൊണ്ടാണ് പലരും നിശബ്ദത പാലിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, സംവിധായകൻ രഞ്ജിത്തിന്റെയും നടൻ സിദ്ദിഖിന്റെയും രാജിയിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു.
ഇരുവരുടെയും അനിവാര്യമായ രാജികളെന്നായിരുന്നു ആഷിഖിന്റെ പ്രതികരണം. സിനിമാ മേഖലയിൽ ഇത്രയും കാലം നിശബ്ദതയായിരുന്നു. ആരോപണം നേരിടുന്ന സംഘത്തിൽ സൈക്കോ പാത്തുകളുണ്ടെന്നാണ് മനസ്സിലാകുന്നത്. ഉത്തരവാദികളെ കൊണ്ട് ജനം മറുപടി പറയിക്കും. സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് നീതികരിക്കാനാവില്ല.
അതേസമയം, ഈ വിഷയത്തിലെ പ്രതികരണങ്ങള്‍ ഇടതുപക്ഷത്തെ താറടിക്കുന്നതല്ലെന്നും ആഷിഖ് അബു വ്യക്തമാക്കി. ഇപ്പോൾ കുറച്ച് സ്ത്രീകളാണ് സംഘം ചേർന്ന് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. ക്രിമിനലുകളായ ആളുകൾ ഈ മേഖലയിലുണ്ട്. അവർ സൈക്കോപാത്തുകളാണ്. ഒരു ശുദ്ധീകരണമാണ് ഇപ്പോൾ നടക്കുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടികൾ പ്രതീക്ഷിച്ചിരുന്നു.
പക്ഷെ സാങ്കേതികത്വം പറഞ്ഞ് നടപടി എടുക്കാതിരിക്കുന്നത് നീതികേടാണ്. അതിലെ വിമർശനങ്ങളാണ് പുറത്തുവന്നത്. അല്ലാതെ ഇടതുപക്ഷത്തിന് എതിരായ നീക്കമല്ല ഇപ്പോഴത്തേതെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.