അരി വില വർധനവ് നിയന്ത്രിക്കാൻ ശക്തമായ നടപടി: മന്ത്രി ജി.ആർ.അനിൽ
അരി വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചതായി മന്ത്രി ജി.ആർ. അനിൽ. കേരളത്തിൽ മാത്രമായി വില വർധനവിന് പ്രത്യേക കാരണങ്ങളൊന്നും സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും മന്ത്രി പറഞ്ഞു.
അരി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ കൃത്രിമമായ വർധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിന് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കാനും നിർദ്ദേശം നൽകി. വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനു വിളിച്ചുകൂട്ടിയ ജില്ലാ കളക്ടർമാരുടേയും, ജില്ലാ സപ്ലൈ ഓഫീസർമാരുടേയും, ലീഗൽ മെട്രോളജി കൺട്രോളറുടേയും യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.
റേഷൻ കടകളിലൂടെയും സപ്ലൈകോ മാവേലി സ്റ്റോറുകളിലൂടെയും സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളിലൂടെയും കൂടുതൽ അരി റേഷൻ കാർഡുടമകൾക്ക് എത്തിക്കുന്നതിനു നടപടികൾ സ്വീകരിച്ചു. വില നിലവാരം കൃത്യമായി പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ ശക്തമായ നടപടികളെടുക്കും എന്നും മന്ത്രി പറഞ്ഞു. എല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി