ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരം: കെസി വേണു​ഗോപാൽ

single-img
22 June 2024

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ആത്മഹത്യാപരമെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ കെസി വേണു​ഗോപാൽ. കേരളം ഒന്നടങ്കം എതിർക്കുമെന്ന് പറഞ്ഞ കെസി വേണു​ഗോപാൽ മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണിതെന്നും ചൂണ്ടിക്കാട്ടി.

ഇന്ന് രാവിലെ ആലപ്പുഴ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളാ ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നടത്തുകയാണ് സർക്കാർ. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം.

പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്.

ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.