സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചു

single-img
15 October 2022

സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചു. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ചാൻസിലർ നിലയിൽ ഗവർണ്ണർ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിൻവലിച്ചത്. പിൻവലിച്ചവരിൽ അഞ്ചുപേർ സിൻഡിക്കേറ്റ് അംഗങ്ങൾ കൂടിയാണ്.

വി.സി നിയമനത്തിനാി ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ തിീരുമാനിക്കാണ് കഴിഞ്ഞദിവസം യോഗം വിളിച്ചത്. എന്നാൽ 91 അംഗങ്ങളുള്ള സെനറ്റിൽ വൈസ് ചാൻസലർ അടക്കം 13 പേർ മാത്രമാണ് പങ്കെടുത്തത്. ഗവർണർ നാമനിർദ്ദേശം ചെയ്യപ്പെട്ട 13 പേർ സെനറ്റിലുണ്ടെങ്കിലും രണ്ടുപേർ മാത്രമേ യോഗത്തിനെത്തിയുള്ളൂ. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവർണർ നീങ്ങിയത്.

വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ അടക്കമുള്ള റിപ്പോർട്ട് നേരത്തെ ഗവർണർ തേടിയിരുന്നു. ഇത് ലഭിച്ചതോടെയാണ് അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിൻവലിക്കൽ’ നടപടിയിലേക്ക് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ കടന്നത്. താൻ രണ്ടും കൽപ്പിച്ചെന്ന വ്യക്തമായ സൂചന നൽകിയാണ് 15 അംഗങ്ങളെയും അയോഗ്യരാക്കി വിസിക്ക് ഗവർണർ കത്ത് നൽകിയതെന്ന് വ്യക്തമാണ്.