വിനോദം, അതിഥി സത്കാരം; രാജ്ഭവന്റെ ചിലവുകള്‍ക്ക് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഗവര്‍ണര്‍
കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും രാജ്ഭവന്റെ ചിലവുകള്‍ക്ക് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിനോദം, അതിഥി സത്കാരം, ഓഫീസ് ചിലവുകള്‍, എന്നിങ്ങിനെ വിവിധങ്ങളായ ആറിനങ്ങളില്‍ വന്‍ വര്‍ദ്ധനവാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിൽ അതിഥി സത്കാരത്തിനുള്ള ചിലവില്‍ ഇരുപത് ഇരട്ടി വര്‍ദ്ധിപ്പിക്കണമെന്നും വിനോദത്തിനുള്ള തുക 36 ഇരട്ടി വര്‍ദ്ധിപ്പിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ധൂര്‍ത്തെന്ന് ആക്ഷേപിക്കുന്ന ഗവര്‍ണര്‍ വിനോദത്തിനും, അതിഥി സത്കാരത്തിനും ഫര്‍ണിച്ചര്‍ മോടി പിടിപ്പിക്കാനും ഉള്‍പ്പെടെ കൂടുതല്‍ പണം ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ നിയമപ്രകാരം പ്രതിവര്‍ഷം 32 ലക്ഷം രൂപയാണ് സര്‍ക്കാര്‍ രാജ്ഭവന് നല്‍കേണ്ടത്. ഈ തുക 2.60 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ചിലവുകള്‍ക്ക് കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ അയച്ച കത്ത് സര്‍ക്കാര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 32 ലക്ഷം അനുവദിക്കേണ്ട സ്ഥാനത്ത് രാജ്ഭവന്റെ ചിലവുകള്‍ക്കായി സംസ്ഥാനം ഇത്തവണ നീക്കിവച്ചത് 30 ലക്ഷം രൂപയായിരുന്നു. ഈ തുക വര്‍ദ്ധിപ്പിച്ച് 2.60 കോടി നല്‍കണമെന്നാണ് ആവശ്യം.