സെനറ്റ് അംഗങ്ങളെ പുറത്താക്കാൻ കേരള സർവകലാശാല വിസമ്മതിച്ചതിനു പിന്നാലെ 15 അംഗങ്ങളെ പുറത്താക്കി ഗവർണർ ഉത്തരവിറക്കി
കേരള സർവകലാശാലമായുള്ള പോര് തുടരുന്നതിനിടെ അസാധാരണ നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റ് അംഗങ്ങളെ പുറത്താക്കാൻ കേരള സർവകലാശാല വിസമ്മതിച്ചതിനു പിന്നാലെ 15 അംഗങ്ങളെ പുറത്താക്കി ഗവർണർ ഉത്തരവിറക്കി. അസാധാരണ ഗസറ്റിലൂടെയാണ് ഉത്തരവ് പുറത്തിറക്കിയത്.
നേരത്തെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെ ഇന്ന് തന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കണം എന്ന അന്ത്യശാസനം സർവകലാശാല തള്ളിയിരുന്നു. വി.സി ശബരിമല സന്ദർശനത്തിലാണെന്നും ചുമതല മറ്റാർക്കും നൽകാത്തതിനാൽ ഉത്തരവിറക്കാൻ കഴിയില്ലെന്നും ആണ് ഇതിനു മറുപടിയായി സർവകലാശാല ഗവർണർക്കു നൽകിയത്. പിന്നാലെ അടുത്ത സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ 15 പേരെയും ക്ഷണിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗവർണറുടെ അസാധാരണ നടപടി.
സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളിൽ നാലുപേർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഇവർ സെനറ്റ് യോഗത്തിൽ എത്തിചേരാൻ സാധിക്കാത്തതിന്റെ കാരണം അറിയിച്ചിരുന്നു. അതിനാൽ ഇവരെ പിൻവലിക്കാൻ സാധിക്കില്ല. മറ്റ് 11 പേരെ നീക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പ് മാത്രം പോരായെന്ന് ചൂണ്ടികാട്ടിയാണ് വി സി ഗവർണർക്ക് മറുപടി നൽകിയത്. കൂടാതെ ഗവർണറുടെ സെക്രട്ടറിയുടെ അറിയിപ്പ് ആനുസരിച്ച് സർവകലാശാല വൈസ് ചാൻസിലർക്ക് നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ചാൻസിലർ ഒപ്പിട്ട രേഖ അനുസരിച്ചുമാത്രമെ അത് കഴിയൂഎന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.