നാളെ 11.30നുള്ളില്‍ തന്നെ രാജി വെക്കണം; സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍
23 October 2022
കേരളത്തിലെ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് എന്നീ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാവിലെ 11.30നുള്ളില്‍ തന്നെ രാജിവയ്ക്കണമെന്നാണ് ഗവര്‍ണര്‍ വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രീംകോടതി പുറപ്പെടുവിച്ച വെള്ളിയാഴ്ചത്തെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഗവര്‍ണറുടെ ഈ നിര്‍ദേശം. എന്നാൽ ഗവര്‍ണറുടെ ഈ നിര്‍ദേശത്തോട് കേരളം വഴങ്ങില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
സംഘപരിവാര്‍ എടുക്കുന്ന തീരുമാനം നടപ്പിലാക്കാന്‍ ഉദേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഇപ്പോഴത്തെ വിസിമാരെ രാജിവെപ്പിച്ച് ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും നിയമിക്കാനാണ് അദ്ദേഹത്തിന്റെ മനസിലിരിപ്പെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.