വിസിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല; കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

single-img
25 October 2022

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിസിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

ഒറ്റദിവസം കൊണ്ട് വിസിമാരെ പുറത്താക്കാന്‍ അയാള്‍ അയാള്‍ ആരാണ്?, മഹാരാജാവോയെന്ന് മുരളീധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

വിദ്യാഭ്യാസരംഗം കാവിവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗവര്‍ണറെ വച്ച്‌ എല്ലാ സംസ്ഥാനങ്ങളിലും കളിക്കുന്ന കളി അംഗീകരിക്കാനാവില്ല. അത് തന്നെയാണ് കേരളത്തിലും ഗവര്‍ണര്‍ ചെയ്യുന്നത്. ഗവര്‍ണര്‍മാരെ അനുകൂലിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ല. അഖിലേന്ത്യാതലത്തില്‍ പാര്‍ട്ടിയുടെ നിലപാടാണ് ഇത്. കെസി വേണുഗോപാലിന്റെ അതേ അഭിപ്രായമാണ് ഇക്കാര്യത്തില്‍ തനിക്കുള്ളത്. കേരളത്തിലെ നേതാക്കള്‍ മറിച്ചുപറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട് ചോദിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ വിവാദം കാവിവത്കരണവും കമ്മ്യൂണിസ്റ്റ് വത്കരണവും തമ്മിലുള്ള പോരാണ്. ഡിവൈഎഫ്‌ഐക്കാര്‍ വിസിമാര്‍ക്ക് വേണ്ടിയും ബിജെപിക്കാര്‍ ഗവര്‍ണര്‍ക്ക് വേണ്ടി യുദ്ധത്തിനിറങ്ങും. അപ്പോള്‍ സംഭവിക്കാന്‍ പോകുന്നത് തെരുവ് യുദ്ധക്കളമാകും. യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ താളം തെറ്റും. ശരിയായ സമയത്ത് പരീക്ഷാഫലം വരില്ല. കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്നവര്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടും. അതുകൊണ്ട് രണ്ട് കൂട്ടരും ചെപ്പടി വിദ്യയും പിപ്പിടിവിദ്യയും അവസാനിപ്പിക്കണം. ഗവര്‍ണറും സര്‍ക്കാരും കൂടി പ്രശ്‌നം പരിഹരിക്കണം. ഇവിടെ പ്രതിപക്ഷത്തിന് ഒരു റോളും ഇല്ലെന്ന് മുരളീധരന്‍ പറഞ്ഞു.