വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവര്‍ണര്‍ പരിണിതപ്രജ്ഞനായ വ്യക്തിയല്ല: മന്ത്രി വി ശിവന്‍കുട്ടി

single-img
20 December 2023

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിണിത പ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ശിവന്‍കുട്ടി. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഇന്നലത്തെ പ്രതികരണത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിമര്‍ശനം. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവര്‍ണര്‍ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും മന്ത്രി പറഞ്ഞു.സംസ്‌കാരമുള്ള ഒരാളുടെ വായില്‍ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവര്‍ണറില്‍ നിന്നുണ്ടാകുന്നതെന്നും മന്ത്രി തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു.

എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാര്‍ത്ഥികളെ ബ്ലഡി ക്രിമിനല്‍സ് എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. വിദ്യാര്‍ഥികള്‍ സമരം ചെയ്യാനുള്ള കാരണം ഈ ഗവര്‍ണറുടെ ഏകാധിപത്യ നിലപാടുകളും പരാമര്‍ശങ്ങളുമാണ്. സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റത്തിലും വര്‍ഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങള്‍ നടത്തി രക്തസാക്ഷികള്‍ ആയവരുടെ നാടായ കണ്ണൂരിനെ ബ്ലഡി കണ്ണൂര്‍ എന്നാണ് വിശേഷിപ്പിച്ചത്. പോലീസിനെ ഷെയിംലെസ്സ് പീപ്പിള്‍ എന്നാണ് ഗവര്‍ണര്‍ സംബോധന ചെയ്തതെന്നും വി ശിവന്‍കുട്ടി പറയുന്നു.

കേരളം ബഹുമാനിക്കുന്ന രാജ്യത്തെ മതേതര മനസുകള്‍ നിലപാടുകള്‍ക്ക് ഉറ്റു നോക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടര്‍ഭരണം നേടിയ കേരള മുഖ്യമന്ത്രിക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയ വ്യക്തിയാണ് ഗവര്‍ണര്‍. ഭരണഘടനാ പദവിയിലുള്ള ഒരാളില്‍ നിന്നുണ്ടാകേണ്ട പരാമര്‍ശങ്ങള്‍ ആണോ ഇവ അതെ, ഗവര്‍ണര്‍ എന്ന നിലയിലും ചാന്‍സലര്‍ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഇദ്ദേഹം…! എന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ എഴുതി .