ഗവർണർ ശ്രമിക്കുന്നത് രക്ഷിക്കാൻ: വി ഡി സതീശന്‍

single-img
4 November 2022

സർക്കാരിനെ രക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ശ്രമമെന്നും, ഇവർ തമ്മിൽ ഒരു തർക്കവും ഇല്ലെന്നും സതീശന്‍ പറഞ്ഞു.

സ്വർണ്ണ കള്ളകടത്ത് വിഷയത്തില്‍ ഇപ്പോഴാണോ ഗവർണർ പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് എല്ലാവർക്കും അറിയാം.എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. സർക്കാരും ഗവർണറും തമ്മിൽ പല ഏർപ്പാടുകളും നടത്തി.സർക്കാരും ഗവർണറും തമ്മിൽ എന്താണ് തർക്കം?ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചത് പോലും സർക്കാരിനെ സഹായിക്കാനാണ് – വി ഡി സതീശന്‍ പറഞ്ഞു.

സാങ്കേതിക സർവകലാശാലയിൽ എന്തിനാണ് പ്രതിഷേധം. സുപ്രീം കോടതി വിധിക്ക് എതിരായാണ് സർക്കാർ പ്രവർത്തിക്കുന്നത്.സുപ്രീം കോടതിയെ അനുസരിക്കില്ല എന്നാണോ? സാങ്കേതിക സർവകലാശാലയ്ക്ക് താൽകാലികമായി ഒരു വിസിയെവച്ചിട്ടും പ്രതിഷേധവുമായാണ് മുന്നോട്ടു പോകുന്നത്.സംഘപരിവാർ പശ്ചാത്തലമുള്ളയാളാണെങ്കിൽ എതിർക്കാം. ഇത് അങ്ങനെയല്ലല്ലോ.അക്കാദമിക് യോഗ്യതയുള്ളയാളാണ് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം വൈസ് ചാൻസിലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് സെനറ്റ് വീണ്ടും പ്രമേയം പാസാക്കി. ഇതുസംബന്ധിച്ച് ഓഗസ്‌റ്റ് മാസത്തിൽ പാസാക്കിയ പഴയ പ്രമേയത്തിൽ ഭേദഗതി വരുത്തി. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയ്‌ക്ക് നിയമപരമായി നിലനിൽപ്പില്ലെന്നും ഇതിനായുള‌ള നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്നുമാണ് സെനറ്റ് ഗവർണറോട് അഭ്യർത്ഥിച്ചത്. പകരം നിയമപരമായി സെർച്ച് കമ്മിറ്റി രൂപീകരിക്കണം. കേരള സർവകലാശാല സെനറ്റിലെ 50 ഇടതുപക്ഷ അംഗങ്ങളും ഇത് അംഗീകരിച്ചു. ഏഴുപേർ എതിർത്തു. പ്രമേയം ചാൻസിലർക്ക് എതിരല്ലെന്നും നോട്ടിഫിക്കേഷന് എതിരാണെന്നുമാണ് സെനറ്റ് അംഗങ്ങളുടെ വാദം.