എത്ര ശതമാനം രാജ്യസ്‌നേഹമുണ്ടെന്ന് നോക്കാൻ ഗവർണറെ ചുമതലപ്പെടുത്തിയിട്ടില്ല: കാനം രാജേന്ദ്രൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ. ഓരോരുത്തർക്കും എത്ര ശതമാനം രാജ്യസ്‌നേഹമുണ്ടെന്ന് നോക്കാൻ ഗവർണറെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും, അത് ഗവർണറുടെ പണിയല്ല എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിനും ഭരണഘടനക്കും എതിരായി ഗവർണറല്ല ആര് പ്രവർത്തിച്ചാലും അനുവദിച്ചുകൊടുക്കില്ല. ജനങ്ങളെ അണിനിരത്തി നേരിടും. ഗവർണർക്ക് രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. കേന്ദ്രത്തിൽ പല കക്ഷികൾ ഭരിച്ചപ്പോഴും ഗവർണർമാർ ഇത്തരം നീക്കങ്ങൾ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയാത്തതുകൊണ്ട് ബിജെപി ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയ അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ഒരു സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കുന്നത് അസാധാരണമാണ്. സിൻഡിക്കേറ്റ് അംഗവും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം. സുകന്യയാണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. കണ്ണൂർ അടക്കം സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെ വി.സിമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ചാണ് പ്രമേയം.
ഉന്നത വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചുചാട്ടത്തിനു കേരളത്തെ പ്രാപ്തമാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിനെ സ്തംഭിപ്പിക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നതെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്ഘടനയാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കണ്ണൂർ സർവകലാശാലയുടേതടക്കമുള്ള വി.സിമാരോട് ഗവർണർ ചട്ടവിരുദ്ധമായി രാജി ആവശ്യപ്പെട്ടത്.