മണിപ്പൂരില്‍ കലാപകാരികളെ അടിച്ചമര്‍ത്താനായി ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണറുടെ ഉത്തരവ്

single-img
5 May 2023

ഇംഫാല്‍: മെയ്തേയി സമുദായത്തിന് പട്ടികവര്‍ഗ പദവിക്ക് നല്‍കിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു.

കലാപകാരികളെ അടിച്ചമര്‍ത്താനായി ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണറുടെ ഉത്തരവ്. അതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ബിജെപി എംഎല്‍എക്ക് ഗുരുതര പരിക്കേറ്റു. കലാപകാരികളുടെ ആക്രമണത്തിലാണ് വുംഗ്സാഗിന്‍ വല്‍ത എംഎല്‍എയ്ക്ക് പരിക്കേറ്റത്. സംഘര്‍ഷത്തിനിടെ പൊലീസ് ട്രെയിനിംഗ് കോളെജില്‍ കടന്ന അക്രമികള്‍ ആയുധങ്ങള്‍ കവര്‍ന്നത് വലിയ ആശങ്കയ്ക്ക് വഴി വെച്ചിട്ടുണ്ട്.

സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലേക്ക് ഇന്ന് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. നാഗാലാന്‍ഡില്‍ നിന്ന് അടക്കമുള്ള സൈനികരെയാണ് മണിപ്പൂരിലേക്ക് അയക്കുക. കലാപത്തെ തുടര്‍ന്ന് ഒന്‍പതിനായിരം പേരെ ഇതുവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ആരാധനാലായങ്ങളും അക്രമികള്‍ തകര്‍ത്തു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കലാപത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ബന്ധം പലയിടത്തും വിച്ഛേദിച്ചിരിക്കുകയാണ്. സംഘര്‍ഷ മേഖലകളായ ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍റര്‍നെറ്റ് നിരോധനവും ഇന്നും തുടരും.

കലാപം രൂക്ഷമായതോടെ സംസ്ഥാനത്തേക്കുള്ള എല്ലാ ട്രെയിനുകളും ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. സാഹചര്യം മെച്ചപ്പെടുന്നത് വരെ ഒരു ട്രെയിനും മണിപ്പൂരിലേക്ക് കടത്തിവിടില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി എന്നും റെയില്‍വേ വ്യക്തമാക്കി. അക്രമികളെ അടിച്ചമര്‍ത്താനായി വെടിവെക്കാനാണ് ഗവര്‍ണര്‍ രഞ്ജിത്ത് സിങിന്‍റെ നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ വെടിവെക്കാനുള്ള അനുമതി ഗവര്‍ണര്‍ നല്‍കി.

കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് നിയോഗിക്കുന്നതിനൊപ്പം വ്യോമസേന വിമാനത്തില്‍ ദ്രുത കര്‍മസേനയെയും മേഖലയില്‍ എത്തിച്ചിട്ടുണ്ട്. കലാപ മേഖലകളില്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച്‌ നടത്തി. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ തെറ്റിദ്ധാരണയാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ് പറഞ്ഞു. അക്രമങ്ങളെ തുടര്‍ന്ന് ഒന്‍പതിനായിരം പേരെ സൈനിക ക്യാമ്ബുകളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കും മാറ്റിയിട്ടുണ്ട്.