ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിയെ കണ്ട് ഡിഎംകെ
നിയമസഭയിൽ സഭാ ചട്ട ലംഘനം നടത്തിയ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ജനപ്രതിനിധികളുടെ സംഘം ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു.
തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി ആര്‍ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഡല്‍ഹിയിലെത്തി രാഷ്ട്രപതിയെ കണ്ടത്. സംസ്ഥാന ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരികെ വിളിക്കണമെന്ന് ഡിഎംകെ സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ സഭയില്‍ പൂര്‍ണമായി വായിക്കാത്തതും ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതും സെഷന്‍ തീരുംമുമ്പ് സഭ വിട്ട് ഇറങ്ങിപ്പോയതും ഭരണഘടനാ തത്വങ്ങള്‍ക്കും സഭാ നിയമങ്ങളുടെയും ലംഘനമാണെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചു.
സമൂഹത്തിലെ മതേതരത്വത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങളും പെരിയാര്‍, ബി ആര്‍ അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളേയും സര്‍ക്കാര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഈ ഭാഗങ്ങളെല്ലാം ഒഴിവാക്കുകയായിരുന്നു.