കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പറയാൻ താൻ ആളല്ലെന്ന് ഗവർണർ
5 May 2023
വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയെക്കുറിച്ച് പറയാൻ താൻ ആളല്ലെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ഇതുവരെ ആ സിനിമ കണ്ടിട്ടില്ല, പ്രധാനമന്ത്രി ആ സിനിമ കണ്ടു കാണും, അതുകൊണ്ടായിരിക്കും അഭിപ്രായം പറഞ്ഞത്. യഥാർഥ സംഭവമാണ് സിനിമയെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുവെങ്കിൽ അത് അന്വേഷിക്കണം.
ഈ രീതിയിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെയെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.
നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അതേക്കുറിച്ച് തുറന്നു പറയാൻ എല്ലാവർക്കും അവകാശമുണ്ട്. ആരോപണ – പ്രത്യാരോപണങ്ങൾ നടത്തുന്നതിന് പകരം വസ്തുതകൾ അന്വേഷിക്കട്ടെ. തെറ്റ് എന്തെങ്കിലും നടന്നുവെങ്കിൽ നടപടിയെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.