ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് ആയിരിക്കണം സംസാരം; ഗവർണർ അസംബന്ധം പറയുന്നു: മുഖ്യമന്ത്രി

single-img
16 September 2022

സംസ്ഥാനത്തെ വിവാദമായ നിയമനവിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ തന്റെ പേര് ആരോപിച്ചതിനെതിരെ ഗവര്‍ണര്‍ അസംബന്ധം പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതില്‍പരം അസംബന്ധം മറ്റൊരാള്‍ക്കും പറയാന്‍ കഴിയില്ലെന്നും ഗവർണർ ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് ആയിരിക്കണം സംസാരം, നാടിനേക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ കഴിയുമോ? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്. തീരുമാനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കാം. ഇങ്ങനെ പ്രതികരണം നടത്താന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

‘ഇതാണോ ഗവര്‍ണര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? ഭീഷണിയുടെ സ്വരത്തില്‍ ആരാണ് സംസാരിക്കുന്നതെന്ന് നാട് കാണുന്നുണ്ട്. എന്തെങ്കിലും ഗുണം ഉണ്ടായിക്കോട്ടെ എന്ന് കരുതി നോക്കി നില്‍ക്കുകയായിരുന്നു. എന്തും വിളിച്ച് പറയാമെന്ന് കേന്ദ്രമാണോ? എന്ത് കൈക്കരുത്ത് ഭീഷണിയുമാണ് പ്രയോഗിച്ചത്.

എന്താണ് ഉദ്ദേശ്യം? സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാനാണോ ഉദ്ദേശിച്ചത്? അവരുടെ പ്രചാരണം രാജ്ഭവനിലാണോ നടത്തേണ്ടത്. ഇതിന്റെ അപ്പുറവും പറയാന്‍ കഴിയുമെന്ന് അറിയാമല്ലോ. വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ പ്രകടിപ്പിക്കാന്‍ ഭരണഘടനാപരമായ രീതികള്‍ ഉണ്ട്. ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്ന കാര്യത്തില്‍ ആശങ്കയില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്ര സ്വാഭാവം നിലനിര്‍ത്താനാണ് ശ്രമിച്ചത്,’ മുഖ്യമന്ത്രി പറഞ്ഞു.