ഗവർണർ ജനാധിപത്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ പദവിക്കനുസരിച്ച് പെരുമാറണം: മന്ത്രി പി രാജീവ്


ഗവർണർ ജനാധിപത്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ പദവിക്കനുസരിച്ച് പെരുമാറണമെന്ന് സംസ്ഥാന നിയമകാര്യ വകുപ്പ് മന്ത്രി പി രാജീവ്. പാർലമെന്ററി ഡെമോക്രസി, ക്യാബിനറ്റ് ഫോം ഓഫ് ഡെമോക്രസി ഇവയെല്ലാം വിദേശത്ത് നിന്നും വന്നതാണ്. അപ്പോൾ വിദേശത്ത് നിന്നും വന്നതുകൊണ്ട് ഇതൊന്നും ഗവർണർ അംഗീകരിക്കുന്നില്ലേ. അതോ പ്രാചീന ഭാരതത്തിലെ രാജഭരണവും സാമ്രാജ്യത്വവുമാണോ വേണ്ടത്. ആ ഘട്ടത്തിൽ ജീവിക്കുന്നവരാണെങ്കിൽ കുഴപ്പമില്ലെന്നും മന്ത്രി പറയുന്നു.
ഒരു ബില്ല് നിയമസഭ പാസാക്കിയാൽ അത് നിയമസഭയുടേതാണ്. അത് ഗവർണർ ഒപ്പുവയ്ക്കണം. സംശയമുണ്ടെങ്കിൽ ഗവർണർക്ക് ചോദിക്കാം. ബിൽ തിരിച്ചയക്കാം. എന്നാൽ, അത് പിന്നീട്, അദ്ദേഹം നിർദ്ദേശിച്ചത് പോലെയോ അല്ലാതെയോ, എങ്ങനെയാണോ നിയമസഭ അംഗീകരിക്കുന്നത്, അതുപോലെ തന്നെ ആ ബില്ലിൽ ഗവർണർ ഒപ്പിടേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജനാധിപത്യ സംവിധാനമാണ് നമ്മുടേത്. അതിനകത്ത് ഭരണഘടന അനുശാസിക്കുന്ന രൂപത്തിലാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. എക്‌സിക്യൂട്ടീവ് ഗവർണറല്ല. പേരറിവാളൻ കേസിൽ സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും തമ്മിലുള്ള ആ പാലത്തിന് ഒരു ഹുക്കിടുന്നത് എക്‌സിക്യൂട്ടീവാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ പാസാക്കിയ ബിൽ ഗവർണർ ഒപ്പിടരുതെന്നാണോ കോൺഗ്രസ് നിലപാടെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു..