ഗവർണറുടെ നടപടി മോശം സർക്കാർ അതിലും മോശം; ഇരുകൂട്ടരും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി
സംസ്ഥാന ഗവർണറുടെ നടപടി മോശമാണെന്നും സർക്കാർ അതിലും മോശമാണെന്നും മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ പി കെ കുഞ്ഞാലിക്കുട്ടി. സർക്കാരും ഗവർണറും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ബീഹാറിലെ നിതീഷ് കുമാർ എന്നും വേലിപ്പുറത്ത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഇന്ത്യാ മുന്നണി യോഗത്തിൽ തന്നെ നിതീഷ് മറുകണ്ടം ചാടും എന്ന സംശയം ഉണ്ടായിരുന്നു. ഈ നിലപാട് മാറ്റത്തിന് നിതീഷിന് ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അതേസമയം, കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന യാത്രാ നിരക്കിലെ വർധന വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ മുസ്ലിം ലീഗ്. കേന്ദ്ര സർക്കാർ ഇടപെടൽ തേടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിൽ നിന്നുള്ള തീർഥാടകർക്ക് എംബാർക്കേഷൻ പോയന്റ് ഇനി മാറ്റാൻ സമയമുണ്ടാകില്ല. നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയോട് സംസ്ഥാന സർക്കാരും ആവശ്യപ്പെടണം. നിയമസഭയിൽ ഈ വിഷയം ചർച്ച ചെയ്യണം. വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാത്തതിന്റെ പേരിൽ ഹാജിമാരെ ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.