ഗവർണർമാർ സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളിൽ തടസമുണ്ടാക്കുന്നത് അവസാനിപ്പിക്കണം: കമൽ ഹാസൻ
തമിഴ്നാട് ഗവര്‍ണര്‍ ആർ എൻ രവിക്കെതിരെ വിമര്‍നവുമായി നടൻ കമല്‍ഹാസന്‍. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വെറുതെവിടാൻ സുപ്രീംകോടതി വിധി പ്രഖ്യാപിച്ച പിന്നാലെയാണ് വിമർശനം. 2018ൽ തമിഴ്‌നാട് മന്ത്രിസഭ പാസാക്കിയ ശുപാർശ ഗവർണർ അംഗീകരിച്ചിരുന്നെങ്കിൽ ഈ ആറുപേരുടെ മോചനത്തിനുള്ള നാലുവർഷത്തെ കാലതാമസം ഒഴിവാക്കാമായിരുന്നു എന്ന് കമൽഹാസൻ ട്വീറ്റിൽ എഴുതി.
മറ്റ് സ്ഥാനങ്ങൾ വഹിക്കുന്ന ഗവർണർമാർ സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളിൽ ഇടപെടുന്ന ഗവർണർമാർക്കുള്ള പാഠമാണ് സുപ്രീം കോടതിയുടെ വിധിയെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികളെയും വിട്ടയക്കാന്‍ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.