മഹാരാഷ്ട്രയിൽ മറാത്താ വിഭാഗക്കാർക്ക് ഭാഗികമായി സംവരണം പ്രഖ്യാപിച്ച് സർക്കാർ: എതിർപ്പുമായി ഒബിസി വിഭാഗങ്ങൾ

single-img
7 September 2023

സംസ്ഥാനത്തെ മറാത്താ വിഭാഗക്കാർക്ക് ഭാഗികമായി സംവരണം പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സർക്കാർ. ശക്തമായ മറാത്താ സംവരണ പ്രക്ഷോഭം തണുപ്പിക്കാനുള്ള നീക്കമാണ് ഷിൻഡേ സർക്കാർ നടത്തുന്നത്. മറാത്താ വിഭാഗക്കാർക്ക് ഭാഗികമായ സംവരണം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പക്ഷെ സമുദായ അംഗങ്ങൾക്കെല്ലാം സംവരണം നൽകാതെ പിന്നോട്ടില്ലെന്നാണ് മറാത്ത സംവരണ സമര നേതാവ് മനോജ് ജരംങ്കെയുടെ നിലപാട്.

ഹൈദരാബാദ് ഭരിച്ചിരുന്ന നിസാമിന്‍റെ കാലം മുതലുള്ള രേഖകളുള്ളവർക്ക് കുൻബി വിഭാഗമെന്ന സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സർക്കാർ വാഗ്ദാനം. ഒബിസി വിഭാഗമായ കുൻബി വിഭാഗത്തിന്‍റെ ഭാഗമാകുന്നതോടെ സംവരണ പരിധിയിലേക്ക് സ്വാഭാവികമായും മറാത്തകളും വരും. എന്നാൽ രേഖകളുള്ള ഒരു വിഭാഗത്തിന് മാത്രമാവും ആനുകൂല്യമെന്നും ഇത് പോരെന്നുമാണ് നിരാഹാരമിരിക്കുന്ന സമര നേതാവ് മനോജ് ജരംങ്കെയുടെ നിലപാട്.

കാര്യങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഒരുമാസം എങ്കിലും കാത്തിരിക്കണമെന്നുമാണ് സർക്കാർ മറാത്ത സംവരണ പ്രക്ഷോഭകരോട് ആവശ്യപ്പെടുന്നത്. എന്നാൽ മൂന്ന് ദിവസം കൂടിയാണ് സമരനേതാവ് ജരംങ്കെ സർക്കാരിന് കൊടുത്ത അന്ത്യശാസനം.

അതേസമയം മറാത്ത സംവരണ സമര നേതാവ് മനോജ് ജരംങ്കെയുടെ നിരാഹാര സമരം പത്ത് ദിനം പിന്നിട്ടതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയും മോശമായി. ആശുപത്രിയിലേക്ക് മാറാനും ജരംങ്കെ കൂട്ടാക്കുന്നില്ല. എന്നാൽ മഹാരാഷ്ട്ര സർക്കാരിന് കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളുടെ നിലപാടാണ്.

മാറാത്തകളെ സംവരണ പരിധിയിലേക്ക് കൊണ്ടുവരുന്നതിനെതിരെ നിലപാടെടുത്തിരിക്കുകയാണ് ഒബിസി വിഭാഗങ്ങൾ. ബിജെപിയുടെ വോട്ട് ബാങ്കായ ഒബിസി വിഭാഗങ്ങളുടെ എതിർപ്പ് ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര സർക്കാരിനും ബിജെപിക്കും കൂടുതൽ തലവേദന സൃഷ്ടിക്കും.