ബ്രിജ് ഭൂഷണെ സംരക്ഷിച്ചു സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ട്; പ്രതിഷേധവുമായി താരങ്ങൾ


വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുൻനിര ഗുസ്തിക്കാർ സമരം തുടരുന്നതിനിടെ, ബ്രിജ് ഭൂഷണെ സംരക്ഷിച്ചു സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ട്.
ഈ വർഷം ജനുവരിയിൽ നിയമിച്ച സർക്കാർ നിയോഗിച്ച കമ്മറ്റിയാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ പ്രാഥമിക റിപ്പോർട്ട് മൗനം പാലിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി) ഇല്ലാത്തതും ചൂണ്ടിക്കാട്ടി ഫെഡറേഷനും കായികതാരങ്ങളും തമ്മിൽ ഫലപ്രദമായ ആശയവിനിമയം ആവശ്യമാണെന്നും റിപ്പോർട്ടിൽ ഊന്നിപ്പറയുകയും ചെയ്തു.
“2013 ലെ ലൈംഗികാതിക്രമം തടയൽ നിയമത്തിന് കീഴിൽ യഥാവിധി രൂപീകരിച്ച ആന്തരിക പരാതി സമിതിയുടെ അഭാവം, കായിക താരങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും പരാതി പരിഹാരത്തിനും മതിയായ സംവിധാനത്തിന്റെ അഭാവം; ഫെഡറേഷനും കായികതാരങ്ങൾ ഉൾപ്പെടെയുള്ള പങ്കാളികളും തമ്മിൽ കൂടുതൽ സുതാര്യതയും കൂടിയാലോചനയും ആവശ്യമാണ്; ഫെഡറേഷനും കായികതാരങ്ങളും തമ്മിൽ ഫലപ്രദമായ ആശയവിനിമയം ആവശ്യമാണ്,” റിപ്പോർട്ട് അടിവരയിടുന്നു
എന്നാൽ, റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച അന്വേഷണ സമിതിയോട് ഡൽഹി പോലീസ് തിങ്കളാഴ്ച റിപ്പോർട്ട് തേടുകയും ഗുസ്തിക്കാരുടെ പുതിയ പരാതിയിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.