സൈനികരുടെ ക്ഷേമത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാർ: മുഖ്യമന്ത്രി

single-img
2 January 2023

സൈനികരുടെ ക്ഷേമത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരുടെ പത്നിമാരെ കണ്ടത് ഏറെ വികാരപരമായ അനുഭവമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 122 ടെറിട്ടോറിയൽ ആർമിയുടെ കേരളത്തിലെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ്ഹിൽ കേന്ദ്രം സന്ദർശിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബാംഗങ്ങളെ കണ്ടത്.

അപകടത്തിൽപ്പെടുകയോ മരിക്കുകയോ ചെയ്തവർക്ക് സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട്. കൂടുതൽ കാര്യം ചെയ്യേണ്ടതുണ്ടെങ്കിൽ തുറന്ന മനസോടെ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഭേദചിന്തയുമില്ലാതെ രാഷ്ട്ര സേവനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് സൈനികരെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്ര സേവനത്തിനിടെ വീരചരമം അടഞ്ഞ രണ്ടു പേരുടെ കുടുംബത്തെ കണ്ടത് വികാരപരമായ അനുഭവമായി. രാജ്യത്തിന് വേണ്ടി ജീവൻ നൽകുകയെന്നത് വലിയ കാര്യമാണ്.