വര്‍ഷം മുഴുവന്‍ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം: കെ സുധാകരൻ

single-img
7 January 2023

ഭക്ഷ്യ വിഷബാധ ഉണ്ടാകുമ്പോൾ പൊതുജനം മരിച്ചുവീഴുമ്പോള്‍ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ്‌വഴക്കം അവസാനിപ്പിച്ച് വര്‍ഷം മുഴുവന്‍ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ എംപി.ഭ

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഭക്ഷ്യാ സുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.ഹോട്ടലുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണമാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

വിഷം കലര്‍ന്ന ഭക്ഷണം വിളമ്പുന്നവര്‍ക്കെതിരെ കര്‍ശന ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണം. കുറ്റമറ്റ പരിശോധന നടത്താന്‍ ഇനിയുമെത്ര ജീവനുകള്‍ ഹോമിക്കേണ്ടി വരുമെന്നും ഇത് ഭക്ഷ്യ സുരക്ഷാ വകുപ്പാണോ അതോ ഭക്ഷ്യ അരക്ഷിതത്വ വകുപ്പാണോയെന്നും സുധാകരന്‍ ചോദിച്ചു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണരുകയും പേരിന് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്ന നടപടികള്‍ നടത്തുന്നതും പരിഹാസ്യമാണ്.

നിസ്സാര പിഴയീടാക്കി ഹോട്ടലുകള്‍ക്ക് വീണ്ടും പ്രവര്‍ത്താനുമതി നല്‍കുന്നത് വിഷം വിളമ്പുന്നവര്‍ക്ക് നല്‍കുന്ന പ്രോത്സാഹനമാണ്.വര്‍ഷത്തില്‍ കൃത്യമായ പരിശോധന വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ മനുഷ്യ ജീവനുകള്‍ ബലിനല്‍കേണ്ടി വരില്ലായിരുന്നു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടു വിലപ്പെട്ട ജീവനുകളാണ് അധികൃതരുടെ അനാസ്ഥകാരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നഷ്ടമായതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.