ഗവര്‍ണറുടെ നയപ്രഖ്യാപനം നീട്ടാൻ സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാൻ സർക്കാർ


തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിന്‍റെ സാധ്യതകള്‍ പരിഗണിച്ച് സര്‍ക്കാര്‍.
പുതിയ വര്‍ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് തുടങ്ങുക. എന്നാല്‍ ഡിസംബറില്‍ ചേരുന്ന സഭാ അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും എന്ന സാധ്യതയാണ് സര്‍ക്കാരിന് മുന്‍പിലുള്ളത്.
ഡിസംബര്‍ 15ന് സഭ താല്‍ക്കാലികമായി പിരിയും. ക്രിസ്മസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് സര്‍ക്കാര്‍ നീക്കം. 1990ല്‍ നായനാര്‍ സര്‍ക്കാര്‍ ഇതേ തന്ത്രം ഉപയോഗിച്ചിരുന്നു. ഗവര്‍ണര്‍ രാം ദുലാരി സിന്‍ഹയെ ഒഴിവാക്കാനാണ് അന്ന് ഈ തന്ത്രം പ്രയോഗിച്ചത്. 1989 ഡിസംബര്‍ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.
ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 14 സര്‍വ്വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് ഇനിയും രാജ് ഭവനിലേക്ക് സര്‍ക്കാര്‍ അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിമാര്‍ ഒപ്പിടാന്‍ വൈകുന്നതാണ് കാരണം എന്നാണ് സര്‍ക്കാര്‍ വിശദീകരണം.