തൃശൂരിൽ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു


തൃശൂർ: തൃശൂരിൽ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു. വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം. മാനസികാരോഗ്യത്തിന് ചികിൽസയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65) , ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ അക്മൽ (27) ആണ് പ്രതി. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടക്കുന്നത്. ചെറുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.