പ്രതിപക്ഷ നേതാവ് ഓടിയ സ്ഥലത്ത് പുല്ല് മുളച്ചിട്ടില്ല; കേരളം കണ്ട ഏറ്റവും വലിയ ഭീരു; മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരിഹാസവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് നിയമസഭയിൽ ചർച്ച നടന്നിരുന്നെങ്കിൽ പ്രതിപക്ഷ നേതാവിനെ ആംബുലൻസിൽ കൊണ്ടുപോകേണ്ടിവരുമായിരുന്നുവെന്ന് മന്ത്രി പരിഹസിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഓടിയ സ്ഥലത്ത് പുല്ല് മുളച്ചിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ ഭീരുവാണ് അദ്ദേഹമെന്നും റിയാസ് പറഞ്ഞു. വിഡി സതീശന് വെറും ഡയലോഗ് മാത്രമേ ഉള്ളു. അടിയന്തര പ്രമേയ ചർച്ചകൾക്കൊന്നും അദ്ദേഹത്തിനെ പറ്റില്ല. വേണമെങ്കിൽ വല്ല സെമിനാറിനും വിടാം എന്നും മന്ത്രി പറഞ്ഞു.
എന്നാൽ, മലപ്പുറം ജില്ലയെ കുറിച്ച് ചർച്ച വന്നാൽ ഇടതുമുന്നണിക്ക് പറയാനുണ്ട്. മലപ്പുറം ജില്ല വേണ്ടാ എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവിന്റെ പാർട്ടിയാണ്. ബിജെപിയുടെ ജനസംഘമായി ചേർന്നാണ് ഇത് നടത്തിയത്. ബാബിരി മസ്ജിദ് വിഷയത്തിനുശേഷം ന്യൂനപക്ഷങ്ങൾ എൽഡിഎഫിനോട് അടുക്കുകയാണ്. ഇതിൽ ചിലർ വിറളി പൂണ്ടു നിൽക്കുകയാണ്. ലീഗിന് സ്വർണ്ണക്കടത്തുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചർച്ച ഭയന്നാണോ പ്രതിപക്ഷം ഇന്ന് നിയമസഭ ബഹിഷ്കരിച്ചതെന്നും റിയാസ് ചോദിച്ചു.