കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞു;പുറത്തു പറയേണ്ടെന്ന് ഷാരോണ്‍ പറഞ്ഞു;ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി

single-img
31 October 2022

തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞതായി കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ്.

ഷാരോണ്‍ ഛര്‍ദ്ദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പുറത്തു പറയേണ്ടെന്ന് ഷാരോണ്‍ പറഞ്ഞതായും ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു.

ഷാരോണ്‍ മുഖം കഴുകാന്‍ പോയപ്പോഴാണ് വിഷം കലര്‍ത്തിയത്. ഷാരോണിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും കുറ്റസമ്മതമൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. കേസില്‍ വഴിത്തിരിവായത് ഗ്രീഷ്മ മറ്റൊരു സുഹൃത്തിന് അയച്ച സന്ദേശമാണ്. കേസില്‍ ഒരാള്‍ക്ക് കൂടി പങ്കുണ്ടെന്നും പൊലീസ് പറയുന്നു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഷാരോണിനെ താന്‍ കൊന്നതാണെന്ന് ഗ്രീഷ്മ സമ്മതിച്ചത്. കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിന് നല്‍കിയെന്ന് ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. തുരിശാണ് കഷായത്തില്‍ കലര്‍ത്തി നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും ഇതില്‍ നിര്‍ണായകമായതായി പൊലീസ് പറയുന്നു. തുരിശ് വാങ്ങിയത് ഗ്രീഷ്മയുടെ അമ്മാവനാണ്. കൃഷി ആവശ്യത്തിനാണ് തുരിശ് വാങ്ങിയത് എന്നാണ് മൊഴി നല്‍കിയത്.

ഇതിന് പുറമേ ഗ്രീഷ്മയുടെ ഗൂഗിള്‍ സെര്‍ച്ചും അന്വേഷണത്തില്‍ വഴിത്തിരിവായതായി പൊലീസ് പറയുന്നു. കോപ്പര്‍ സള്‍ഫേറ്റിനെ കുറിച്ച്‌ ഗ്രീഷ്മ നിരന്തരം സെര്‍ച്ച്‌ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

ഷാരോണ്‍ രാജിനെ വനിതാ സുഹൃത്ത് വിളിച്ചുവരുത്തി കൊന്നതെന്ന് പിതാവ് ആരോപിച്ചു. പെണ്‍കുട്ടിക്ക് മാത്രമല്ല, മാതാപിതാക്കള്‍ക്കും പങ്കുണ്ട്. പെണ്‍കുട്ടിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഷാരോണിന്റെ കൊലപാതകത്തിന് അന്ധവിശ്വാസവും കാരണമായെന്ന് സൂചന. ആദ്യഭര്‍ത്താവ് മരിക്കുമെന്ന് ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു. ഇതും കൊലയ്ക്ക് കാരണമായെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.

ഷാരോണ്‍ രാജിന്റെ മരണം കൊലപാതകം എന്ന് അറിഞ്ഞതോടെ, പിതാവ് ഷാരോണ്‍ രാജിന്റെ കുഴിമാടത്തില്‍ എത്തി മെഴുകുത്തിരി കത്തിച്ചു. ഷാരോണിന് മുന്‍പും കൂട്ടുകാരി വിഷം നല്‍കിയിട്ടുണ്ടെന്ന് അമ്മയും സഹോദരനും പറഞ്ഞു. ഷാരോണിന് ഏതാനും മാസം മുന്‍പും ഛര്‍ദി ഉണ്ടായിട്ടുണ്ട്. ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു.

‘പെണ്‍കുട്ടിയുടെ നിശ്ചയം കഴിഞ്ഞപ്പോള്‍ സംശയം ഉണ്ടായിരുന്നു. മകന്റെ കൈയില്‍ ചില ഫോട്ടോകള്‍ ഉണ്ടായിരുന്നു. അതുവാങ്ങാന്‍ വേണ്ടിയാണ് പെണ്‍കുട്ടി ചാറ്റ് ചെയ്തത്. അതിന് ശേഷം വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു’- പിതാവ് പറയുന്നു.

‘ആദ്യത്തെ ഭര്‍ത്താവ് മരിക്കുകയും രണ്ടാമത്തെ ഭര്‍ത്താവുമായി ജീവിക്കാന്‍ വേണ്ടി എന്റെ മകനെ കൊന്നുകളഞ്ഞതാണ്. വീടിന് മാറി മകന്‍ നില്‍ക്കുമ്ബോഴാണ് മകനെ വിളിച്ചത്. ആരും വീട്ടില്‍ ഇല്ല എന്നുപറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചത്. ഈസമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി ഷാരോണിന്റെ സുഹൃത്ത് പറഞ്ഞു. അവസാന നാളുകളിലും അവന്‍ നിലപാടില്‍ ഉറച്ചുനിന്നു. അവള്‍ അങ്ങനെ ചെയ്യില്ല എന്നാണ് പറഞ്ഞത്.പെണ്‍കുട്ടിക്ക് പരമാവധി ശിക്ഷ ലഭിക്കണം. മാതാപിതാക്കള്‍ക്കും ശിക്ഷ ലഭിക്കണം’- പിതാവ് തുടര്‍ന്നു.